|

കോരിത്തരിപ്പിച്ച് പൊന്നിയിന്‍ സെല്‍വന്‍ 2 ട്രെയ്‌ലര്‍; ഏപ്രില്‍ 28ന് റിലീസ്; ഗോകുലം മൂവീസ് കേരളത്തില്‍ വിതരണം ചെയ്യും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തൂത്തുവാരി നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം കേരളത്തില്‍ വിതരണം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് ലോകമെമ്പാടും റിലീസ് ചെയ്യും. തിരക്കഥയുടെയും ഛായാഗ്രഹണത്തിന്റെയും മികവ് കൊണ്ട് ചോള സാമ്രാജ്യത്തിന്റെ അതിമനോഹരമായ കഥപറച്ചില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം വമ്പന്‍ വിജയമായതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് ദിവസങ്ങള്‍ എണ്ണുകയായിരുന്നു ആരാധകര്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ് രണ്ടാം ഭാഗവും ചിത്രം കേരളത്തിലേക്ക് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തില്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.

സിനിമ ഇന്‍ഡസ്ട്രിയിലെ പ്രഗത്ഭരായ താരങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ച് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലറും ഓഡിയോ ലോഞ്ചും നടന്നത്. തീയേറ്റര്‍ സ്‌ക്രീനില്‍ മണി രത്‌നം മാജിക്ക് വീണ്ടും കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഐശ്വര്യ റായ്, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മ്മന്‍ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഏപ്രില്‍ 28ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്.

content highlight: ponniyan selvan 2 trailer