| Sunday, 31st July 2022, 9:25 pm

പൊന്നി നദി പാക്കണുമേ; എ.ആര്‍. റഹ്‌മാന്റെ ശബ്ദത്തില്‍ പൊന്നിയന്‍ സെല്‍വനിലെ ആദ്യഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൊന്നിയന്‍ സെല്‍വനിലെ ആദ്യഗാനം പുറത്ത്. പൊന്നി നദി പാക്കണുമേ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

എ.ആര്‍ റഹ്‌മാന്‍ ഈണം നല്‍കിയിരിക്കുന്ന പാട്ട് റഹ്‌മാനും സഹോദരി എ.ആര്‍. റായിഹനാഹും ബംബാ ബാക്യയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്റേതാണ് വരികള്‍. കാര്‍ത്തിയുടെ കഥാപാത്രം നടത്തുന്ന യാത്രയാണ് ഗംനരംഗങ്ങളില്‍ കാണിച്ചിരിക്കുന്നത്.

രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്.

തമിഴിലെ ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധ ചരിത്ര നോവലായ പൊന്നിയന്‍ സെല്‍വനെ ആധാരമാക്കിയാണ് അതേപേരില്‍ മണിരത്‌നം ചിത്രം അണിയിച്ചൊരുക്കുന്നത്.

തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയന്‍ സെല്‍വനെ കരുതുന്നത്. കല്‍ക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്‌ക്രീനിലേക്ക് മണിരത്‌നം എത്തിക്കുമ്പോള്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

വിക്രം, ഐശ്വര്യ റായി ബച്ചന്‍, തൃഷ, പ്രകാശ് രാജ്, ജയറാം, ലാല്‍, റഹ്‌മാന്‍, റിയാസ്, ഖാന്‍, ഖിഷോര്‍, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല, കാര്‍ത്തി തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മണിരത്‌നത്തിന്റെ തന്നെ മഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് രണ്ടു ഭാഗങ്ങള്‍ ഉള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: ponni nadhi the first song of Ponniyan Selvan is out

Latest Stories

We use cookies to give you the best possible experience. Learn more