| Wednesday, 25th April 2018, 5:58 pm

യക്ഷിയെ തളച്ചത് മന്ത്രവാദിയല്ല, കെ.എസ്.ഇ.ബിയുടെ ബള്‍ബുകളാണ്; പൊന്നാനിയില്‍ നിന്നും ഒരു കോളേജ് മാഗസിന്‍

എ പി ഭവിത

രാത്രി ചൂളമടിച്ച് വിളിച്ചു വരുത്തിയ മൂര്‍ഖന്‍ കടിച്ച് മരിച്ചവര്‍ക്കും, ഉമ്മറക്കോലായിലിരുന്ന് കാലാട്ടിയതിനാല്‍ കടംകയറി മുടിഞ്ഞവര്‍ക്കും, രാത്രി നഖം വെട്ടിയതിനാല്‍ തകര്‍ന്നു പോയ കുടുംബങ്ങള്‍ക്കും, ഭക്ഷണം കഴിച്ച് കൈയ്യുണങ്ങിപ്പോയതിനാല്‍ കല്ല്യാണം മുടങ്ങിയവര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണ് കേരളത്തിലെ ഒരു കോളേജ് മാഗസിന്‍.

പൊന്നാനി എം.ഇ.എസ് കോളേജില്‍ നിന്നാണ് ശാസ്ത്രാവബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് കൊണ്ട് അന്ധവിശ്വാസങ്ങളെ കളിയാക്കിക്കൊണ്ടുള്ള മാഗസിന്‍ പുറത്തിറക്കിയിരിക്കുന്നത്. “തുഴയാനറിയാഞ്ഞാല്‍ തോണി ഒതളങ്ങ” എന്ന് പേരിട്ടിരിക്കുന്ന മാഗസിന്റെ എഡിറ്റര്‍ സന്‍ജിദ് സി.പി ആണ്. ഇതേ കോളേജില്‍ 2016 ലെ “മുല മുറിക്കപ്പെട്ടവര്‍” എന്ന മാഗസിന്‍ വിവാദമാകുകയും മാനേജ്‌മെന്റ് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ശാസ്ത്രത്തോടൊപ്പം ശാസ്ത്രാവബോധം മുന്നേറാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് “തുഴയാനറിയാഞ്ഞാല്‍ തോണി ഒതളങ്ങ” മാഗസിന്‍ ചൂണ്ടിക്കാണിക്കുന്നു. അത് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തെയാണ് ചോദ്യം ചെയ്യുന്നത്.

ഗാന്ധിജി മുതല്‍
ആരെന്നു വരെ ഇനിയും
പറയുവാനാകില്ല
രാജ്യ സ്‌നേഹികളുടെ
വെടിയുണ്ടകളാല്‍
മനുഷ്യ സ്‌നേഹികള്‍
മരിച്ചു വീഴുകയാണ്
എന്ന് ബി.കോം വിദ്യാര്‍ത്ഥിയായ കെ.പി അന്‍വര്‍ കുറിച്ചിടുന്നു.

പരിണാമ സിദ്ധാന്തത്തെ അവഗണിച്ച് പുരാണ കഥകള്‍ക്ക് പിന്നാലെ പോയവരെ രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ജാതിമതലിംഗ ഭിന്നതയില്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നതാണ് മാഗസിന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയം. ഗോമൂത്രം എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നാണെന്ന് പറയുന്നവരും വാക്‌സിന്‍വിരുദ്ധരും രാജ്യം നേരിടുന്ന ഭീഷണിയാണെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുന്നു.

ജൈവകൃഷി, ആധുനിക വൈദ്യശാസ്ത്രം, ചികിത്സ തട്ടിപ്പ്, എന്നിവയും ഉള്ളടക്കത്തിലുണ്ട്. ലിംഗ നീതിയും വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്ക് വെക്കുന്നു. ഉസ്താദ് ഊതിയാലും നമ്മള്‍ ഊതിയാലും വരുന്നത് ഒന്ന് തന്നെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നും ആണിനെ പ്രസവിക്കാത്തതിന് പെണ്ണിനെ തല്ലിയവനാണ് മരമണ്ടനെന്നും മാഗസിന്‍ പരിഹസിക്കുന്നു.

പ്രേമവും കാമവും അപരാധമല്ലെന്നാണ് ഇവരുടെ നിലപാട്. ജാതി വിവേചനം ചോദ്യം ചെയ്യുന്നു.
എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ലോകത്ത് ഇന്നേവരെ ഒരുമാറ്റവും ഉണ്ടായിട്ടില്ല. ശാസ്ത്ര അഭിരുചിയും പരിഷ്‌കാരബോധവും വളര്‍ത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണ് എന്ന ഭരണഘടനയിലെ വാചകങ്ങളും മാഗസിന്‍ ഓര്‍മ്മിപ്പിക്കുന്നു. സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വ്യക്തമായ രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്നുണ്ട് എഴുത്തുകള്‍.

നിനക്കിഷ്ടം കുറ്റി മീശയായിരുന്നു
എന്നാല്‍ എനിക്ക് താടിവെക്കാനാണിഷ്ടം
നീ ജനങ്ങള്‍ക്ക് മുമ്പില്‍
നേരിട്ട് കാലനായി അവതരിച്ചു
എന്നാല്‍ ഞാന്‍ ദേശീയതയുടെ മറവില്‍
അവരെ തമ്മിലടിപ്പിക്കുന്നു!
നമ്മുടെ പേരിലും രൂപത്തിലും
മാത്രമേ മാറ്റമുള്ളൂ..
എന്നിരിക്കിലും നാം ഒരമ്മപെറ്റ മക്കള്‍
“ഭാരത് മാതാ കീ ജയ്”

കാലിക പ്രസക്തമായ വിഷയമാണ് മാഗസിന്‍ കൈകാര്യം ചെയ്യുന്നതെന്നും മതവും ശാസ്ത്രവും രണ്ട് വഴിയിലാണെന്നും വിശ്വാസങ്ങള്‍ ശാസ്ത്ര പരിവേഷം ചാര്‍ത്തുന്നവര്‍ക്കുള്ള താക്കീതാണ് മാഗസിനെന്നും പ്രിന്‍സിപ്പാള്‍ ഡോ.ടി. പി. അബ്ബാസ് പറഞ്ഞു. “ഇങ്ങനൊരു മാഗസിന്‍ കേരളത്തിലെ അറിയപ്പെടുന്ന മുസ്‌ലിം മാനേജ്‌മെന്റ് കോളേജ് അനുവദിച്ചു എന്നതില്‍ അത്ഭുതം തോന്നുന്നു” എന്ന് സ്വതന്ത്രചിന്തകനായ രവിചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

മാഗസിന്‍ തയ്യാറാക്കുന്നതില്‍ കോളേജ് അധികൃതരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പിന്തുണ ലഭിച്ചുവെന്ന് എഡിറ്റര്‍ സന്‍ജിദ് .സി.പി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. “കഴിഞ്ഞ വര്‍ഷത്തെ മാഗസിന്‍ വിവാദമായിരുന്നെങ്കിലും ഞങ്ങള്‍ക്ക് പ്രശ്‌നമുണ്ടായില്ല. ശാസ്ത്രാവബോധം കുറയുന്ന സമൂഹത്തില്‍ അത് ചര്‍ച്ചയ്ക്ക് കൊണ്ടു വരികയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്”. സന്‍ജിദ് കൂട്ടിച്ചേര്‍ത്തു.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more