ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തുറുപ്പുഗുലാന്‍. ഒരു മുഴുനീള കോമഡി – ആക്ഷന്‍ ത്രില്ലറായ ഈ സിനിമയില്‍ ‘ഗുലാന്‍’ എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോന്‍ എന്ന കഥാപാത്രമായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രത്തില്‍ നടി പൊന്നമ്മ ബാബുവും ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തിയിരുന്നു.
മമ്മൂട്ടിയുടെ ഡാന്‍സ് ടീച്ചറായാണ് പൊന്നമ്മ തുറുപ്പുഗുലാനില്‍ അഭിനയിച്ചത്. മമ്മൂട്ടിയുടെ കൂടെ ഡാന്‍സ് ടീച്ചറായി അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് പൊന്നമ്മ ബാബു. മമ്മൂട്ടിയെ ഡാന്‍സ് പഠിപ്പിക്കുന്ന സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ മനസില്‍ ചിരി അടക്കി പിടിച്ചെന്ന് പൊന്നമ്മ ബാബു പറഞ്ഞു.
തുറുപ്പുഗുലാനിലെ ആ രംഗം തിയേറ്ററില്‍ കാണിച്ചപ്പോള്‍ കയ്യടി ആയിരുന്നെന്നും മമ്മൂട്ടിക്ക് കയ്യടി കിട്ടിയ കൂട്ടത്തില്‍ തുറുപ്പുഗുലാനിലൂടെ തനിക്കും കയ്യടി കിട്ടിയെന്നും നടി കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൊന്നമ്മ ബാബു.
‘സത്യം പറഞ്ഞാല്‍ തുറുപ്പുഗുലാന്‍ എന്ന സിനിമയില്‍ എന്റെയും മമ്മൂക്കയുടെയും ഡാന്‍സ് പഠിപ്പിക്കുന്ന സീന്‍ എടുത്തപ്പോള്‍ ചിരിച്ച് ചിരിച്ച് ഞാന്‍ ഒരു വഴി ആയിരുന്നു. മമ്മൂക്കയുടെ ഡാന്‍സും എന്റെ താളം കൊട്ടലും അതിനിടയില്‍ ഒരു കുട്ടിയുടെ കാലില്‍ ചവിട്ടലും ആകെയായി എനിക്ക് മനസില്‍ ചിരി വന്നെങ്കിലും ചിരിക്കാന്‍ പറ്റിയില്ല.
കുട്ടിയാണ് തെറ്റിച്ചതെന്ന് ഞാന്‍ മമ്മൂക്കയുടെ മുഖത്ത് നോക്കി പറയുന്നുണ്ട്. മമ്മൂക്ക ‘താ തെയ് തിത്തി തെയ്’ എന്ന് പറഞ്ഞപ്പോള്‍ തന്നെ തിയേറ്ററില്‍ നിന്ന് കൂട്ട കയ്യടിയായിരുന്നു. മമ്മൂക്കക്ക് കയ്യടി കിട്ടിയ കൂട്ടത്തില്‍ എനിക്കും കൂടെ കയ്യടി കിട്ടിയ പടമായിരുന്നു തുറുപ്പുഗുലാന്‍,’ പൊന്നമ്മ ബാബു പറയുന്നു.
Content Highlight: Ponnamma Babu Talks About Thuruppugulan Movie