മലയാള സിനിമയിലെ നര്‍മബോധമുള്ള വില്ലനായി അറിയപ്പെടുന്ന സ്വഭാവ നടനായിരുന്നു രാജന്‍ പി.ദേവ്. പ്രൊഫഷണല്‍ നാടക നടനായും പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര അഭിനേതാവായും ഒരേപോലെ തിളങ്ങിയ കലാകാരനായിരുന്നു അദ്ദേഹം. കാട്ടുകുതിര എന്ന നാടകത്തിലെ ഏറെ പ്രശസ്തനായ കൊച്ചുബാവ എന്ന കഥാപാത്രമായി അഭിനയിച്ചാണ് അദ്ദേഹം മലയാള സിനിമയിലെത്തിയത്.
രാജന്‍ പി. ദേവിനെ കുറിച്ച് സംസാരിക്കുകയാണ് നടി പൊന്നമ്മ ബാബു. പ്രൊഫഷണല്‍ നാടകം ചെയ്യുന്ന സമയത്ത് പടനായകന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് വന്ന് തന്നോട് ആ സിനിമയില്‍ രാജന്‍ പി. ദേവിന്റെ ഭാര്യയുടെ വേഷത്തില്‍ അഭിനയിക്കണമെന്ന് പറഞ്ഞെന്ന് പൊന്നമ്മ പറയുന്നു.
രാജന്‍ പി. ദേവിന്റെ ഭാര്യയായി അഭിനയിക്കണമെന്ന് അറിഞ്ഞപ്പോള്‍ തന്റെ കിളി പോയെന്നും കാരണം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം കണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുകയായിരുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു. കൂടെ അഭിനയിക്കാനുള്ള ഭയം നിര്‍മാതാവിനോട് പറഞ്ഞപ്പോള്‍ സിനിമയില്‍ കാണുന്നതുപോലെയല്ല രാജന്‍ പി. ദേവെന്നും അദ്ദേഹം ഒരു പാവമാണെന്ന് പറഞ്ഞെന്നും പൊന്നമ്മ ബാബു കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ഞാന്‍ പ്രൊഫഷണലായിട്ടുള്ള നാടകം ചെയ്യുന്ന സമയമായിരുന്നു. അപ്പോള്‍ പ്രൊഡ്യൂസര്‍ സാര്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു ‘നിസാര്‍ സാര്‍ സംവിധാനം ചെയ്യുന്ന ദിലീപിന്റെ പടനായകന്‍ എന്ന സിനിമയുണ്ട്. അതില്‍ രാജന്‍ പി. ദേവിന്റെ ഭാര്യയുടെ ഒരു റോളുണ്ട്, അതങ്ങ് ചെയ്യല്ലേ’ എന്ന്.
ഞാന്‍ ഒരു നിമിഷം സ്റ്റക്ക് ആയി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം കണ്ട് കൊച്ചുബാവ ഒക്കെ മനസില്‍ നില്‍ക്കുകയായിരുന്നു. ഇതറിഞ്ഞപ്പോള്‍ എന്റെ കിളി പോയതുപോലെ ആയി. എനിക്ക് പേടിയാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
രാജേട്ടന്‍ പാവമാണ്. സിനിമയിലും നാടകത്തിലെല്ലാം കാണുന്നതുപോലെയൊന്നും അല്ല. ആള്‍ ഭയങ്കര ശുദ്ധനാണ്. ധൈര്യമായി പോയി ചെയ്യാന്‍ പറഞ്ഞു,’ പൊന്നമ്മ ബാബു പറയുന്നു.
Content Highlight: Ponnamma Babu Talks About Rajan P Dev