മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പൊന്നമ്മ ബാബു. 300ല്‍ അധികം സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് അവര്‍. സിനിമകള്‍ക്ക് പുറമെ പൊന്നമ്മ ഒരു സമയത്ത് സീരിയലില്‍ വളരെ ആക്ടീവായി നിന്നിരുന്നു.
ഈയിടെ സീ കേരളത്തില്‍ അഭിനയിച്ച മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിനെ കുറിച്ച് പറയുകയാണ് പൊന്നമ്മ ബാബു. വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു താന്‍ ഒരു സീരിയലില്‍ അഭിനയിച്ചതെന്നും അത് ചാനലിലെ നമ്പര്‍ വണ്‍ സീരിയലായിരുന്നെന്നും നടി പറഞ്ഞു.
ആ സീരിയലില്‍ അഭിനയിച്ചത് കാരണം താന്‍ കോളേജിലും സ്‌കൂളിലുമായി എട്ടോ പത്തോ മോട്ടിവേഷന്‍ ക്ലാസിന് വരെ പോയിട്ടുണ്ടെന്നും പൊന്നമ്മ ബാബു പറയുന്നു. കുട്ടികളോട് സീരിയലിലെ കഥയല്ല പറഞ്ഞിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൊന്നമ്മ ബാബു.
‘സീരിയലില്‍ അഭിനയിക്കുമ്പോള്‍ സിനിമ വന്നാല്‍ മൊത്തത്തില്‍ ഡേറ്റ് ക്ലാഷാകും. അങ്ങനെയൊരു പ്രശ്‌നമുണ്ട്. പക്ഷെ ഈയിടെ ഞാന്‍ ഒരു സീരിയലില്‍ അഭിനയിച്ചിരുന്നു. സീ കേരളത്തിലായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഞാന്‍ ഒരു സീരിയലില്‍ അഭിനയിച്ചത്.
മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് അഭിനയിച്ചത്. അത് സീ കേരളത്തിലെ നമ്പര്‍ വണ്‍ സീരിയലായിരുന്നു. നല്ല റേറ്റിങ്ങുള്ള സീരിയലായിരുന്നു. ആ സീരിയലില്‍ അഭിനയിച്ചത് കാരണം ഞാന്‍ എട്ടോ പത്തോ മോട്ടിവേഷന്‍ ക്ലാസിന് വരെ പോയിട്ടുണ്ട്.
ആ അമ്മയെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. അങ്ങനെ കോളേജിലും സ്‌കൂളിലുമൊക്കെ എന്നെ മോട്ടിവേഷന് വേണ്ടി വിളിച്ചു. ഞാന്‍ വരുമ്പോള്‍ തന്നെ ‘ദേ പത്മാവതി അമ്മ വന്നു’ എന്നാണ് അവരൊക്കെ പറഞ്ഞത്. പിള്ളേരൊക്കെ വലിയ കയ്യടിയായിരുന്നു.
പിള്ളേരുടെ അടുത്ത് സീരിയലിലെ കഥയല്ല പറഞ്ഞിരുന്നത്. നമ്മള്‍ നമ്മളുടെ മക്കളെ വളര്‍ത്തിയ കാര്യമൊക്കെയാണ് പറഞ്ഞത്. അങ്ങനെ ആ സീരിയല്‍ കാരണം കുറേ കോളേജിലും സ്‌കൂളിലും ഞാന്‍ പോയി (ചിരി),’ പൊന്നമ്മ ബാബു പറഞ്ഞു.
Content Highlight: Ponnamma Babu Talks About Mrs Hitler Serial