മലയാളത്തിന്റെ അഭിമാനമാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിനോടടുക്കുന്ന അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ വ്യത്യസ്ത ഭാഷകളിലായി നൂറിലേറെ സിനിമകള്‍ ഇതിനോടകം അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.
മലയാള സിനിമാ രംഗത്തെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. സംഘടനയുടെ മുന്‍ പ്രസിഡന്റായിരുന്നു മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പുറകെ ഉണ്ടായ പ്രശ്‌നങ്ങളുടെ ഭാഗമായി അമ്മയില്‍ കൂട്ടരാജി നടന്നിരുന്നു. പ്രസിഡണ്ട് മോഹന്‍ലാല്‍ അടക്കമുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ഭൂരിഭാഗം ആളുകളും സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു.
മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് നടി പൊന്നമ്മ ബാബു. ഒരു ഷോ വന്നു കഴിഞ്ഞാല്‍ ലാലേട്ടന്‍ വല്ലാതെ കഷ്ടപ്പെടുമെന്നും അതെല്ലാം സംഘടനക്കും സംഘടനയുടെ അംഗങ്ങള്‍ക്കും വേണ്ടിയാണെന്നും പൊന്നമ്മ ബാബു പറയുന്നു.
ഒരു ഷോയില്‍ അംഗങ്ങളെല്ലാം കൂടെ ചെയ്താല്‍ കിട്ടുന്നത് മൂന്ന് കോടി രൂപയാണെന്നും ആ സമയം കൊണ്ട് മോഹന്‍ലാല്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതിനേക്കാള്‍ ഇരട്ടി തുക ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൊന്നമ്മ ബാബു.
‘ഒരു ഷോ വന്നു കഴിഞ്ഞാല്‍ ലാലേട്ടന്‍ ചെയ്യാത്ത റോളുണ്ടോ, ലാലേട്ടന്‍ എന്തുമാത്രമാണ് കഷ്ടപ്പെടുന്നത്, ലാലേട്ടന്‍ ഒരു പടത്തില്‍ അഭിനയിച്ചാല്‍ കിട്ടും അതിന്റെ ഇരട്ടി. ഞങ്ങള്‍ ഈ അംഗങ്ങള്‍ എല്ലാവരും കൂടി പോയി ചെയ്താല്‍ കിട്ടുന്നത് മൂന്ന് കോടിയാണ്. ആകെക്കൂടെ കിട്ടുന്നത് അതാണ്. അദ്ദേഹത്തിന് ആ പരിപാടി ചെയ്യുന്ന സമയത്ത് പോയി ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അതിനേക്കാള്‍ എത്രയോ കൂടുതല്‍ കിട്ടില്ലേ.
എന്തിനാ ലാലേട്ടന്‍ വന്ന് അത്രയും പാട്ട്, ഡാന്‍സ്, സ്‌കിറ്റ് എല്ലാം ചെയ്യുന്നത്. അദ്ദേഹം കെട്ടാത്ത വേഷമുണ്ടോ കെട്ടാത്ത റോളുണ്ടോ അതെല്ലാം എന്തിന് വേണ്ടിയിട്ടാ, നമ്മുടെ അംഗങ്ങള്‍ക്ക് വേണ്ടിയിട്ടും നമ്മുടെ അമ്മ സംഘടനക്ക് വേണ്ടിയിട്ടുമാണ് അദ്ദേഹം അതെല്ലാം ചെയ്യുന്നത്.
കൗമുദി ചാനലില്‍ വന്ന് മോഹന്‍ലാലാണ് ഒരു പരിപാടി ചെയ്യുന്നതെന്ന് പറഞ്ഞാല്‍ നമുക്ക് അതിന് കുറച്ചുകൂടെ മാര്‍ക്കറ്റ് ആകും. അതിന്റെ തലപ്പത്ത് വേറൊരാളാണ് വന്നിരിക്കുന്നതെങ്കില്‍ അതിന് അത്രയും മാര്‍ക്കറ്റ് വരില്ല,’ പൊന്നമ്മ ബാബു പറയുന്നു.
Content Highlight: Ponnamma Babu Talks About Mohanlal’s Hard work for AMMA Organization