ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തുറുപ്പുഗുലാന്‍. ഒരു മുഴുനീള കോമഡി – ആക്ഷന്‍ ത്രില്ലറായ ഈ സിനിമയില്‍ ‘ഗുലാന്‍’ എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോന്‍ എന്ന കഥാപാത്രമായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രത്തില്‍ നടി പൊന്നമ്മ ബാബുവും ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തിയിരുന്നു.
മമ്മൂട്ടിയുടെ ഡാന്‍സ് ടീച്ചറായാണ് പൊന്നമ്മ തുറുപ്പുഗുലാനില്‍ അഭിനയിച്ചത്. ആ കഥാപാത്രത്തെ കുറിച്ചും താന്‍ ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും പറയുകയാണ് പൊന്നമ്മ ബാബു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘തുറുപ്പുഗുലാന് മുമ്പ് ഞാന്‍ അഭിനയിച്ച മമ്മൂട്ടി ചിത്രം ബല്‍റാം v\s താരാദാസ് ആയിരുന്നു. അത് കഴിഞ്ഞാണ് ഞാന്‍ തുറുപ്പുഗുലാനിലേക്ക് വരുന്നത്. ഒരു ടീച്ചറിന്റെ വേഷമാണ് ചെയ്യാന്‍ ഉള്ളത് എന്നായിരുന്നു എന്നെ കണ്‍ട്രോളര്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. ഡാന്‍സ് ടീച്ചറാണെന്ന് പറഞ്ഞിരുന്നില്ല.
ഞാന്‍ ലൊക്കേഷനില്‍ എത്തിയപ്പോഴാണ് ഡാന്‍സ് ടീച്ചറുടെ വേഷമാണ് ചെയ്യാനുള്ളതെന്ന് അറിയുന്നത്. അതും മമ്മൂക്കയെ പഠിപ്പിക്കുന്ന ടീച്ചറാണ്. അന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആ കഥാപാത്രത്തിലേക്ക് പത്മ സുബ്രഹ്‌മണ്യത്തെ കൊണ്ടുവരാനായിരുന്നു പ്ലാന്‍ എന്നാണ് സുരാജ് പറഞ്ഞത്. പൊന്നുവാണോ അത് ചെയ്തതെന്ന് എന്നോട് ചോദിച്ചു.
ഞാന്‍ ഒരു ഡാന്‍സറാണ്. അതുകൊണ്ട് എനിക്ക് താളം പിടിക്കാനൊക്കെ അറിയാമായിരുന്നു. അഥവാ ഞാന്‍ ഒരു ഡാന്‍സര്‍ അല്ലായിരുന്നെങ്കില്‍ എനിക്ക് നല്ല രീതിയില്‍ താളം പിടിക്കാനൊന്നും പറ്റിയെന്ന് വരില്ല. അതുകൊണ്ട് തന്നെ ഡാന്‍സ് ടീച്ചറാണെന്ന് കേട്ടതും എനിക്ക് സന്തോഷം തോന്നി.
ഒന്നില്ലെങ്കിലും മമ്മൂക്കയെ ഡാന്‍സ് പഠിപ്പിക്കുന്ന ടീച്ചറല്ലേ (ചിരി). അന്ന് ലൊക്കേഷനില്‍ എത്തുമ്പോള്‍ അവിടെ മമ്മൂക്കയും ഉണ്ടായിരുന്നു. ‘ഡാന്‍സ് ടീച്ചറാണ് കേട്ടോ’യെന്ന് അദ്ദേഹം പറഞ്ഞു. ‘എനിക്ക് അത് ഓക്കെയാണ്’ എന്നായിരുന്നു എന്റെ മറുപടി.
ആ സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ ഉണ്ടായ കാര്യങ്ങള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മമ്മൂക്ക താ തെയ് തിത്തി തെയ് ചവിട്ടുമ്പോള്‍ മമ്മൂക്കക്ക് വേണ്ടി തിയേറ്ററില്‍ കയ്യടിയായിരുന്നു. കൂട്ടത്തില്‍ എനിക്ക് കൂടെയാണ് ആ കയ്യടി കിട്ടിയത്. അങ്ങനെ മമ്മൂക്കയുടെ കൂടെ അഭിനയിച്ചിട്ട് എനിക്ക് തിയേറ്ററില്‍ നിന്നും കുറേ കയ്യടി കിട്ടിയിട്ടുണ്ട്,’ പൊന്നമ്മ ബാബു പറയുന്നു.
Content Highlight: Ponnamma Babu Talks About Mammootty And Thuruppugulan Movie