Entertainment
എന്റെ അടികൊണ്ട് ആ നടിയുടെ കവിളെല്ലാം ചുവന്നു; എം.ടി. സാര്‍ 'പൊന്നമ്മ..ഗുഡ്' എന്ന് പറഞ്ഞു: പൊന്നമ്മ ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 09:57 am
Tuesday, 11th March 2025, 3:27 pm

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘എന്ന് സ്വന്തം ജാനകിക്കുട്ടി’. ജോമോള്‍, ചഞ്ചല്‍, ശരത്, അനൂപ്, രശ്മി സോമന്‍, പൊന്നമ്മ ബാബു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

എം.ടി. സാറിനെ സംബന്ധിച്ച് അദ്ദേഹം അധികം ചിരിക്കില്ല – പൊന്നമ്മ ബാബു

എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നടി പൊന്നമ്മ ബാബു. ചിത്രത്തില്‍ ഒരു അമ്മ വേഷമാണ് താന്‍ ചെയ്തതെന്നും ഒരു ഷോട്ടില്‍ ജോമോളെ അടിക്കുന്ന സീന്‍ ഉണ്ടായിരുന്നുവെന്നും പൊന്നമ്മ ബാബു പറയുന്നു.

ആ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ ജോമോളെ താന്‍ ശരിക്കും അടിച്ചെന്നും അടികൊണ്ട് ജോമോളുടെ കവിളെല്ലാം ചുവന്നുവെന്നും ഷോട്ട് കഴിഞ്ഞപ്പോള്‍ എം.ടി തന്നോട് ഗുഡ് എന്ന് പറഞ്ഞെന്നും പൊന്നമ്മ ബാബു പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൊന്നമ്മ ബാബു.

‘എം.ടി സാറിന്റെ സ്‌ക്രിപ്റ്റില്‍ ഹരിഹരന്‍ സാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്ന് സ്വന്തം ജാനകിക്കുട്ടി. അതിനകത്തേക്ക് ഒരു അമ്മ കഥാപാത്രം ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ ചെല്ലുന്നത്. ഓള്‍റെഡി അതില്‍ ഒരു അമ്മ വേഷം ഫിക്‌സ് ചെയ്തു. രണ്ടാമത്തെ അമ്മ വേഷം ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ പോകുന്നത്.

രശ്മി സോമന്റെ അമ്മയായിട്ടാണ് ആ കഥാപാത്രം. കുറച്ച് ദേഷ്യവും അരിശവുമുള്ള കഥാപാത്രമാണത്. മകള്‍ക്ക് വേണ്ടി എന്തും ചെയ്യുന്നൊരു അമ്മ. ഞാന്‍ ആ സിനിമയുടെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഒരു പത്ത് പതിനഞ്ച് പെണ്ണുങ്ങള്‍ സാരിയൊക്കെ ഉടുത്ത് മേക്കപ്പ് ഒക്കെ ഇട്ട് ആ കഥാപാത്രത്തിനായി ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്റെ അടുത്ത് വന്ന് നാടകത്തില്‍ നിന്നാണോ എന്ന് ചോദിച്ചു. ഞാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ പോയി മേക്കപ്പിടാന്‍ പറഞ്ഞു.

ആ സീന്‍ കഴിഞ്ഞപ്പോള്‍ എം.ടി സാര്‍ കയ്യടിച്ചിട്ട് ‘പൊന്നമ്മ..ഗുഡ്’ എന്ന് പറഞ്ഞു. അത് എനിക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരമായിരുന്നു

മേക്കപ്പിട്ടിട്ട് എം.ടി സാറിന്റെ മുന്നിലും ഹരിഹരന്‍ സാറിന്റെ മുന്നിലും എന്നെ കൊണ്ടുപോയി നിര്‍ത്തി. അവര്‍ രണ്ടുപേരും എന്റെ മുഖത്ത് നോക്കിയിട്ട് ഇപ്പോള്‍ ഏത് സിനിമയാണ് ചെയ്യുന്നതെന്ന് ചോദിച്ചു. ലോഹി സാറിന്റെ കാരുണ്യം എന്ന സിനിമയാണ് ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഈ സിനിമക്ക് വേണ്ടി കുറച്ച് ഡേറ്റ് കൂടുതല്‍ വേണമെന്ന് ഹരിഹരന്‍ സാര്‍ പറഞ്ഞു. അപ്പോഴാണ് എന്നെ ആ സിനിമയിലേക്ക് സെലക്റ്റ് ചെയ്തെന്ന് ഞാന്‍ അറിയുന്നത്.

MT Vasudevan Nair is in critical condition

MT Vasudevan Nair is in critical condition

എം.ടി. സാറിനെ സംബന്ധിച്ച് അദ്ദേഹം അധികം ചിരിക്കില്ല. വളരെ കുറച്ച് മാത്രമേ സംസാരിക്കുകയും ഉള്ളു. ആ സിനിമയില്‍ ഞാന്‍ ജോമോളെ അടിക്കുന്ന ഒരു സീനുണ്ട്. എന്നെ ശരിക്കും അടിക്കണം, അടിച്ചില്ലേല്‍ എനിക്ക് കരയാന്‍ പറ്റില്ലെന്ന് ജോമോളും പറയുന്നുണ്ട്. എനിക്കാണെങ്കില്‍ കഥാപാത്രം കയറി ഞാന്‍ ശരിക്കും ജോമോളെ തല്ലി.

ഷോട്ട് കഴിഞ്ഞ് നോക്കുമ്പോള്‍ ജോമോളുടെ കയ്യില്‍ എന്റെ നഖം കൊണ്ട പാടും, അടികൊണ്ടിട്ട് കവിളെല്ലാം ചുവന്നും കിടക്കുണ്ടായിരുന്നു. അത് കണ്ട് എനിക്ക് ഭയങ്കര സങ്കടമായിപ്പോയി. ആ സീന്‍ കഴിഞ്ഞപ്പോള്‍ എം.ടി സാര്‍ കയ്യടിച്ചിട്ട് ‘പൊന്നമ്മ..ഗുഡ്’ എന്ന് പറഞ്ഞു. അത് എനിക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരമായിരുന്നു. ഒരു അവാര്‍ഡ് പോലെയായിരുന്നു അത്,’ പൊന്നമ്മ ബാബു പറയുന്നു.

Content highlight: Ponnamma Babu talks about M. T. Vasudevan Nair and Ennu Swantham Janakikutty movie