ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമയുടെ കഥ എഴുതിയത്. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ് തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിക്കുന്നത്.
ഒപ്പം നടി പൊന്നമ്മ ബാബുവും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സൂസന്‍ എന്ന കഥാപാത്രമായാണ് പൊന്നമ്മ എത്തുന്നത്. ഇപ്പോള്‍ അനുരാഗ് കശ്യപിന് ഒപ്പമുള്ള റൈഫിള്‍ ക്ലബിന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍ പറയുകയാണ് നടി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൊന്നമ്മ ബാബു.
ഭാഷ മനസിലായില്ലെങ്കില്‍ പോലും അനുരാഗ് കശ്യപ് ലൊക്കേഷനില്‍ തങ്ങള്‍ സംസാരിക്കുമ്പോള്‍ കേട്ടിരിക്കുമെന്നും അവസാനം തങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും നടി പറഞ്ഞു. അതൊക്കെ അനുരാഗ് കശ്യപ് ആസ്വദിച്ചിരുന്നെന്നും നിങ്ങളൊക്കെ തമ്മില്‍ എന്തൊരു സ്നേഹത്തിലാണ് കഴിയുന്നതെന്ന് ചോദിച്ചുവെന്നും പൊന്നമ്മ ബാബു പറയുന്നു.
‘ഭാഷ മനസിലായില്ലെങ്കില്‍ പോലും ലൊക്കേഷനില്‍ അനുരാഗ് സാര്‍ ഞങ്ങള്‍ സംസാരിക്കുമ്പോള്‍ കേട്ടിരിക്കും. ഞങ്ങള്‍ അവസാനം അവിടുന്നും ഇവിടുന്നും ഹിന്ദിയൊക്കെ തപ്പി പെറുക്കി മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി സംസാരിച്ചു. അങ്ങനെ മിക്സ് ചെയ്താണ് കമ്മ്യൂണിക്കേറ്റ് ചെയ്തത്.
അവിടെ എല്ലാവരും ഇന്‍ഡിപെന്‍ഡന്റായി മാറി ഇരിക്കുകയല്ലേ ചെയ്യുക. പക്ഷെ ഇവിടെ എല്ലാവരും ഒരുമിച്ചാണ് ഇരിക്കുന്നത്. എല്ലാവരും പരസ്പരം തമാശ പറയുന്നു, ചിരിക്കുന്നു. ഇടവേളയില്‍ ചീട്ടു കളിക്കും. അവിടുന്ന് ഓരോരുത്തരെ വിളിക്കുന്നതിന് അനുസരിച്ച് എഴുന്നേറ്റ് ഓടാറാണ്. ആകെ രസമുള്ള ലൊക്കേഷനായിരുന്നു ഈ സിനിമയുടേത്,’ പൊന്നമ്മ ബാബു പറഞ്ഞു.
Content Highlight: Ponnamma Babu Talks About Her Location Experience With Anurag Kashyap