മലയാള സിനിമയിലെ താര സംഘടനയായ അമ്മയില്‍ പാര്‍വതി തിരുവോത്ത് സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് പൊന്നമ്മ ബാബു. മലയാള സിനിമയുടെ സെറ്റില്‍ പ്രധാന താരങ്ങള്‍ക്കല്ലാതെ മറ്റ് സഹ അഭിനേതാക്കള്‍ക്കും ബാത്‌റൂം സൗകര്യം വേണമെന്ന് ആദ്യം പറഞ്ഞ വ്യക്തി പാര്‍വതി തിരുവോത്ത് ആയിരുന്നെന്ന് പൊന്നമ്മ പറയുന്നു.
സ്ത്രീകള്‍ക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ സംസാരിക്കാം എന്ന് അമ്മ സംഘടന എപ്പോഴും പറയുമെങ്കിലും ആരും അങ്ങനെ ഒന്നും പറയാറില്ലെന്നും എന്നാല്‍ ഒരിക്കല്‍ പാര്‍വതി അത് പറഞ്ഞപ്പോള്‍ തനിക്ക് വളരെ സന്തോഷം തോന്നിയെന്നും പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.
അപ്പോള്‍ തന്നെ അതിന് വേണ്ട പരിഹാരം കാണാമെന്ന് സംഘടന പറഞ്ഞെന്നും അതിന് ശേഷം സെറ്റുകളില്‍ രണ്ടും മൂന്നും കാരവനുകള്‍ കൂടുതല്‍ വന്നെന്നും അവര്‍ പറയുന്നു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൊന്നമ്മ ബാബു.
‘സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അമ്മ ഇപ്പോഴും ഒരു ഇടം നല്‍കും. എന്നാല്‍ ആരും കേറി ഒന്നും പറയില്ല. എപ്പോഴും പറയും ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വന്നിട്ട് പറയാമെന്ന്. അങ്ങനെ ഒരു ദിവസം ആ കൂട്ടത്തില്‍ നിന്ന് ഒരു കുട്ടി വന്ന് സംസാരിച്ചു. പാര്‍വതി തിരുവോത്തായിരുന്നു അത്.
ആ കുട്ടി അന്ന് അമ്മയിലുള്ള സമയമായിരുന്നു. ബാത്‌റൂമിന്റെ കാര്യമായിരുന്നു പറഞ്ഞത്. ആ കുട്ടി പറഞ്ഞു കഴിഞ്ഞ് ഇറങ്ങിവന്നപ്പോള്‍ ഞാന്‍ പറഞ്ഞു, മോളെ നന്നായിട്ടുണ്ട് നീ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടെന്ന്. അതുവരെ എന്റെയൊന്നും ചിന്തയില്‍ പോലും പോകാത്ത കാര്യമായിരുന്നത്.
കാരവാന് സൗകര്യങ്ങള്‍ നായികമാര്‍ക്കല്ലാതെ കൂടെയുള്ള സഹ അഭിനേതാക്കള്‍ക്കും വേണമെന്നും ബാത്റൂമില്‍ പോകാനുള്ള സൗകര്യം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് പാര്‍വതി തിരുവോത്ത് അമ്മയില്‍ ആവശ്യമുന്നയിച്ചിരുന്നു. അത് പരിഹരിക്കാം തീര്‍ച്ചയായും ചെയ്യാമെന്നും അവിടെ അപ്പോള്‍ തന്നെ ഉത്തരവും കൊടുത്തു. അതിന് ശേഷം എല്ലാ സിനിമ ഷൂട്ടിങ് ലൊക്കേഷനിലും രണ്ടും മൂന്നു കാരവാന് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു,’ പൊന്നമ്മ ബാബു പറയുന്നു.