മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പൊന്നമ്മ ബാബു. 300ല്‍ അധികം സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചിട്ടുള്ള നടി കൂടെയാണ് അവര്‍. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയിലും പൊന്നമ്മ ബാബു ഭാഗമായിരുന്നു. ചിത്രത്തില്‍ ഇന്നും പലരും പൊന്നമ്മ ബാബുവിന്റെ സീനിനെക്കുറിച്ച് പ്രത്യേകം സംസാരിക്കാറുണ്ട്.
മന്ത്രിയായ ഭര്‍ത്താവ് മരിച്ചെന്ന് കരുതി ചാനലുകാര്‍ക്ക് മുന്നില്‍ ധരിക്കാന്‍ നല്ല സാരിയില്ലാതെ ടെന്‍ഷനടിക്കുന്ന സീന്‍ വലിയ ഹിറ്റായിരുന്നു. ആ സീന്‍ ഇത്ര വലിയ ഹിറ്റാകുമെന്ന് കരുതിയില്ലെന്നും ഇന്നും പലരും ആ സീനിനെക്കുറിച്ച് സംസാരിക്കുമെന്നും പൊന്നമ്മ ബാബു പറഞ്ഞു. ഉദയകൃഷ്ണ ആ സീന്‍ തനിക്ക് പറഞ്ഞുതരുമ്പോള്‍ തനിക്ക് ചെറിയ സംശയമുണ്ടായിരുന്നെന്നും പൊന്നമ്മ ബാബു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സീന്‍ എടുത്തുകഴിഞ്ഞതും എല്ലാവരും നിര്‍ത്താതെ ചിരിച്ചെന്നും തിയേറ്ററില്‍ ആ സീന്‍ വര്‍ക്കാകുമെന്ന് അപ്പോള്‍ മനസിലായെന്നും പൊന്നമ്മ ബാബു പറഞ്ഞു. സിനിമ റിലീസായ ശേഷം ആ സീനിനെക്കുറിച്ച് പലരും സംസാരിച്ചെന്നും സുരാജിന്റെ കമന്റ് തനിക്ക് വളരെ ഇഷ്ടമായെന്നും പൊന്നമ്മ ബാബു കൂട്ടിച്ചേര്‍ത്തു.
അത്രയും നേരം ബാക്കിയുള്ളവര്‍ കഷ്ടപ്പെട്ട് ചെയ്തതിനെക്കാള്‍ കൈയടി ഒറ്റ സീനില്‍ താന്‍ കൊണ്ടുപോയെന്നാണ് സുരാജ് പറഞ്ഞതെന്നും പൊന്നമ്മ ബാബു പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പൊന്നമ്മ ബാബു.
‘പോക്കിരിരാജയില്‍ ആകെ കുറച്ചു സീന്‍ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ആദ്യമേ ക്ലൈമാക്‌സ് സീനൊക്കെ എടുത്ത ശേഷമാണ് ആ സാരി തപ്പുന്ന സീന്‍ എടുത്തത്. സ്വന്തം ഭര്‍ത്താവ് മരിച്ചുകിടക്കുന്ന കാണുമ്പോള്‍ ആരെങ്കിലും സാരി തപ്പുമോ എന്ന് ഉദയകൃഷ്ണയോട് സംശയം ചോദിച്ചു. ‘ആരെങ്കിലുമൊക്കെ ഉണ്ടാകും’ എന്നാണ് ഉദയന്‍ അപ്പോള്‍ പറഞ്ഞത്.
ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ എല്ലാവരും നല്ല കൈയടിയായിരുന്നു. തിയേറ്ററില്‍ ആ സീന്‍ വര്‍ക്കാകുമെന്ന് അപ്പോഴേ മനസിലായി. സിനിമ ഇറങ്ങി ഇത്രയും കാലമായിട്ടും ആ സീനിനെപ്പറ്റി പലരും എടുത്ത് പറയും. അതില്‍ തന്നെ സിനിമ റിലീസായ സമയത്ത് സുരാജിന്റെ ഒരു കമന്റ് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ‘ഇത്രയും നേരം നമ്മളെല്ലാവരും കഷ്ടപ്പെട്ട് ചെയ്തതിന്റെ ഇരട്ടി കൈയടി ഒരൊറ്റ സീന്‍ കൊണ്ട് പൊന്നമ്മ ബാബു കൊണ്ടുപോയി,’ എന്നായിരുന്നു സുരാജ് പറഞ്ഞത്. അതൊക്കെ ആ സീനിന് കിട്ടിയ അംഗീകാരമാണ്,’ പൊന്നമ്മ ബാബു പറയുന്നു.
Content Highlight: Ponnamma Babu about the comment of Suraj Venjaramoodu of her scene in Pokkiriraja Movie