സുപ്രീം കോടതിയുടെ ശാസനയിൽ വഴങ്ങി തമിഴ്നാട് ​ഗവർണർ; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പൊന്‍മുടിക്ക് ക്ഷണം
India
സുപ്രീം കോടതിയുടെ ശാസനയിൽ വഴങ്ങി തമിഴ്നാട് ​ഗവർണർ; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പൊന്‍മുടിക്ക് ക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2024, 1:42 pm

ചെന്നൈ: സുപ്രീം കോടതിയുടെ ഇടപെടലിന് പിന്നാലെ കെ. പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ഇന്ന് മൂന്ന് മണിക്ക് രാജ്ഭവനില്‍ പൊന്‍മുടിയുടെ സത്യപ്രതിജ്ഞ നടക്കും. വിവരമറിയിച്ച് രാജ്ഭവനില്‍ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. പൊന്‍മുടിക്ക് അനധികൃത സ്വത്ത് സമ്പാദന കേസിനെ തുടര്‍ന്നാണ് മന്ത്രി സ്ഥാനം നഷ്ടമായത്. മന്ത്രിയെ തിരിച്ചെടുക്കാൻ വിസമ്മതിച്ചതിന് ഗവർണർ ആർ.എൻ. രവിയെ കഴിഞ്ഞദിവസം സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ​ഗവർണറുടെത് സുപ്രീം കോടതി ഉത്തരവിനോടുള്ള ധിക്കാരമാണെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.

വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കാൻ ഗവർണറോട് സുപ്രീം കോടതി വ്യാഴാഴ്ച നിർദേശിച്ചിരുന്നു. ​ഗവർണർ നടപടി എടുത്തില്ലെങ്കിൽ കോടതി ഇടപെട്ട് മന്ത്രിയെ തിരിച്ചെടുക്കുന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ആർ.എൻ. രവി തമിഴ്നാട്ടിൽ എന്താണ് ചെയ്യുന്നതെന്നും പേരിനുള്ള അധികാരം മാത്രമാണോ ​ഗവർണർക്ക് ഉള്ളതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

ഇന്ന് വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നതിനിടെ ആണ് പൊൻമുടിയെ തിരിച്ചെടുക്കാനുള്ള ​ഗവർണറുടെ തീരുമാനം. വിവരം അറ്റോണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. കോടതിയെ ധിക്കരിക്കാനുള്ള ഉദ്ദേശം ​ഗവർണർക്ക് ഉണ്ടായിരുന്നില്ലെന്നും അറ്റോണി ജനറൽ കോടതിയിൽ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൊൻമുടിയെ മൂന്ന് വർഷം ശിക്ഷിച്ച വിധി സുപ്രീം കോടതി അടുത്തിടെ സ്‌റ്റേ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പൊൻമുടിയെ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ശുപാർശ ചെയ്തത്. എന്നാൽ ആവശ്യം ​ഗവർണർ തള്ളിക്കളഞ്ഞു.

Content Highlight: Ponmudi to be reinstated as Cabinet Minister day after Supreme Court rebuked Tamil Nadu Governor