Advertisement
Entertainment news
റീല്‍സ് ഭരിക്കാന്‍ പുതിയ ഗാനമെത്തി, മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പ്രണയകാലവുമായി പൊന്‍മലരേ ഗാനം; വീഡിയോ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 07, 05:55 am
Friday, 7th January 2022, 11:25 am

കൊച്ചി: 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജറിലെ ആദ്യ ഗാനം പുറത്തുവന്നു. അതി മനോഹരമായ മെലഡി ഗാനത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ പ്രണയകാലമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ശ്രീചരണ്‍ പക്കാലയുടെ സംഗീതത്തില്‍ സാം മാത്യു എഡി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് യുവഗായകനായ അയ്റാന്‍ ആണ്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.

120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയില്‍ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദിയിക്കും തെലുങ്കിനും പുറമെ മലയാളത്തിലും മേജര്‍ റിലീസ് ചെയ്യുന്നുണ്ട്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജീ മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

‘ഗൂഡാചാരി’ ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2022 ലോകവ്യാപകമായി റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് ഭീഷണി രൂക്ഷമായതോടെ റിലീസ് മാറ്റുകയായിരുന്നു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Ponmalare song with Major Sandeep Unnikrishnan’s love story;  Major Movie new Video Song released