| Tuesday, 11th October 2022, 4:05 pm

'ഹൈക്കു എഴുതുന്ന സൈക്കോ'; നരബലിയിൽ ഞെട്ടി ഫേസ്ബുക്ക് സുഹൃത്തുക്കൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കേരള സമൂഹത്തെയാകെ ഞെട്ടിച്ച നരബലിയുടെ വാര്‍ത്തയാണ് രാവിലെ മുതല്‍ വന്നുകൊണ്ടിരിക്കുന്നത്. തിരുവല്ലയിലെ ദമ്പതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരും പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി രണ്ട് സ്ത്രീകളെ ബലി കൊടുക്കാന്‍ കൂട്ടുനിന്നവരില്‍ പ്രധാനിയാണ് തിരുവല്ല സ്വദേശി ഭഗവല്‍ സിങ്.

നരബലി വാര്‍ത്ത പുറത്തായതിന് പിന്നാലെ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കും ചൂടേറുകയാണ്. ഫേസ്ബുക്കില്‍ ഹൈക്കു കവിയായ ഭഗവല്‍ സിങ്ങിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ ഏറെപേരും എഴുത്തുകാരും പുരോഗമന ചിന്താഗതി പുലര്‍ത്തുന്നവരുമാണ്.

എന്തായാലും നരബലിയുടെ വാര്‍ത്ത വന്നതോടെ ഇവരെല്ലാമിപ്പോള്‍ ഞെട്ടലിലാണ്. ഫേസ്ബുക്കില്‍ ഹൈക്കു കവിതകളെഴുതുന്ന ഈ സൈക്കോ ആണ് നരബലി നടത്തിയ പ്രതിയെന്ന് ഞെട്ടലിലാണ് ഫേസ്ബുക്ക് സുഹൃത്തുക്കളെല്ലാം.

ഇയാളുടെ കുഞ്ഞു(ഹൈക്കു) കവിതകള്‍ക്ക് താഴെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് നരബലിയുടെ വിവരം പുറത്തുവന്നതോടെ കമന്റുകളായി വരുന്നത്. കൂടുതലും പ്രസിദ്ധീകരണ യോഗ്യമല്ലാത്ത കമന്റുകളാണ്. നിരവധി ആളുകളാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തുകൊണ്ടും ആശങ്കകള്‍ പങ്കുവെക്കുന്നത്.

ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു.
(ഹൈകു )

അഞ്ച് ദിവസം മുമ്പ് ഭഗവല്‍ സിങ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിതയാണ് ഇത്. ഇയാള്‍ എഴുതുന്ന കവിതകളെല്ലാം രണ്ടോ മൂന്നോ വരികള്‍ മാത്രമുള്ള ഹൈക്കു കവിതകളാണ്.

ചുരുണ്ട രൂപം
പീടികത്തിണ്ണയില്‍
മുഷിഞ്ഞ പുത.
(ഹൈകു)

പുല്ലാന്നി നാമ്പ്
കാറ്റിലാടും വഴിയില്‍
കുപ്പിവളകള്‍

പുറംകോണില്‍
ആനമയില്‍ ഒട്ടകം
ഉത്സവരാവ്.
(ഹൈകു )

തുടങ്ങിയ ഹൈക്കു കവിതകളാണ് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലുള്ളത്. ഇത്തരത്തിലുള്ള നിരവധി ചെറു കവിതകള്‍ ഫേസ്ബുക്കിലൂടെ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന സ്വയം പ്രഖ്യാപിത കവിയാണ് കക്ഷി.

അതേസമയം, തിങ്കളാഴ്ച രാവിലെയാണ് നരബലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. പത്തനംതിട്ട തിരുവല്ലയിലെ ഇലന്തൂരിലാണ് സംഭവം. കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള പത്മ, റോസ്ലി എന്നീ സ്ത്രീകളെയാണ് ബലികൊടുത്തത്.

കേസില്‍ വഴിത്തിരിവായത് കടവന്ത്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതിയാണ്. 50 കാരിയായ ലോട്ടറി കച്ചവടം നടത്തിവരുന്ന പത്മയെന്ന യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയിലേക്ക് എത്തിച്ചതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞു. സെപ്റ്റംബര്‍ 27നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്. അന്വേഷണത്തില്‍ യുവതിയെ കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നരബലി ആണെന്ന് കണ്ടെത്തിയത്.

Content Highlight: Pongala on Facebook for Bhagwal Singh after human sacrifice

We use cookies to give you the best possible experience. Learn more