| Tuesday, 2nd August 2016, 3:12 pm

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പ്രകാശനം ചെയ്ത വിദ്യാര്‍ത്ഥി മാഗസീന് എ.ബി.വി.പിയുടെ പ്രതിഷേധ നാടകത്തെ തുടര്‍ന്ന് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോണ്ടിച്ചേരി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി മാഗസീന് അധികൃതരുടെ നിരോധനം. ജൂലൈ 28ന് പ്രകാശനം ചെയ്ത മാഗസീന്‍ വിതരണം ചെയ്യുന്നത് തടയുകയും മാഗസിന്‍ സൂക്ഷിച്ച മുറി പൂട്ടി സീല്‍ വെയ്ക്കുകയും ചെയ്തു.

“വൈഡര്‍സ്റ്റാന്റ്” എന്ന മാഗസിനാണ് നിരോധിച്ചത്. മാഗസിന്‍ സൂക്ഷിച്ചിരുന്ന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുറി പൂട്ടി സീല്‍ ചെയ്യുകയും ചെയ്തതായി യൂണിവേഴ്‌സിറ്റിയിലെ മാഗസിന്‍ കമ്മിറ്റിയിലെ അംഗമായ നിധിന്‍ നാഥ് ഡൂള്‍ ന്യൂസിനോടു പറഞ്ഞു.

കേന്ദ്രസര്‍ക്കാറിനെതിരായ ലേഖനങ്ങള്‍ ഉള്ളതിനാലാണ് മാഗസിന്‍ നിരോധിച്ചതെന്ന് സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് രജിസ്റ്റാര്‍ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേസമയം, നിരോധനം സംബന്ധിച്ച് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് നിധിന്‍ പറയുന്നത്.

“മാഗസിന്റെ വിതരണം താല്‍ക്കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണ് എന്നാണ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. മാഗസിനെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിനുശേഷം പ്രശ്‌നമുള്ള ലേഖനങ്ങള്‍ കണ്ടെത്തി നീക്കം ചെയ്തശേഷം പുറത്തിറക്കാമെന്നാണ് നിര്‍ദേശം.” നിധിന്‍ പറയുന്നു.

മാഗസിന്റെ ഏഴായിരം കോപ്പിയാണ് എടുത്തത്. പ്രകാശനം കഴിഞ്ഞയുടന്‍ 3000 കോപ്പി വിതരണം ചെയ്തു. ശേഷിക്കുന്ന നാലായിരം കോപ്പിയാണ് സ്റ്റുഡന്‌റ് കൗണ്‍സിലിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്നത്. പ്രകാശം ചെയ്ത സമയത്തു തന്നെ ഇതു വിതരണം ചെയ്യരുതെന്ന് അസിസ്റ്റന്റ് വെല്‍ഫെയര്‍ ഡീന് നിര്‍ദേശിച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തങ്ങള്‍ അപ്പോള്‍ തന്നെ അറിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ഗേറ്റിനു പുറത്ത് സമരം നടക്കുകയും മാഗസിന്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ക്യാമ്പസില്‍ എ.ബി.വി.പി മാഗസിനെതിരെ പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെറിയതോതില്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

മാഗസിന്റെ പുറംകവര്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതാണ്, കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മാഗസിന്‍, കേന്ദ്രസര്‍ക്കാറിനെതിരെ ലേഖനങ്ങള്‍ ഉണ്ട് തുടങ്ങിയ ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിട്ടുള്ളതെന്നും നിധിന്‍ ഡൂള്‍ ന്യൂസിനോടു പറഞ്ഞു.

“ഇസ്രാഈല്‍ സൈന്യവും ഫലസ്തീന്‍ പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ഉപേക്ഷിക്കപ്പെടുന്ന ടിയര്‍ ഗ്യാസ് ഗ്രനേഡുകള്‍ക്കുള്ളില്‍ ഒരു ഫലസ്തീനി വനിത ചെടികള്‍ നട്ടു” എന്ന കുറിപ്പോലെ ഒരു വനിതയുടെയും ചെടികളുടെയും ചിത്രമാണ് മാഗസിന്റെ കവറായി നല്‍കിയിരിക്കുന്നത്. ഇത് മതസ്പപര്‍ദ്ധ വളര്‍ത്തുന്നതാണെന്നാണ് മാഗസിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നത്.

ഇതിനു പുറമേ മാഗസിന്റെ എഡിറ്റോറിയലില്‍ ദളിത് എന്ന പരാമര്‍ശവും മാഗസിനെതിരായ നടപടിക്ക് കാരണമായെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൂടാതെ എഡിറ്റോറിയല്‍ പേജിന് തൊട്ടടുത്തായി “ട്രിബ്യൂട്ട് ടു ദ മാര്‍ട്ടിയേഴ്‌സ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡേഴ്‌സ്” എന്ന തലക്കെട്ടില്‍ രോഹിത് വെമുലയുള്‍പ്പെടെയുള്ളവരുടെ പേരും ചിത്രവും നല്‍കിയിരുന്നു. എന്നാല്‍ ഇവരുടേത് വ്യവസ്ഥാപിത കൊലപാതകമല്ലെന്നും ഇത് ആത്മഹത്യയാണെന്നും പറഞ്ഞ് എ.ബി.വി.പിയുള്‍പ്പെടെയുള്ള സംഘടനകള്‍ മാഗസിനെതിരെ രംഗത്തുവന്നെന്നും നിധിന്‍ പറയുന്നു.

നവസമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു സ്റ്റുറ്റന്റ് വെല്‍ഫെയര്‍ ഡീന്‍ ടി. മൂര്‍ത്തി ചീഫ് എഡിറ്ററും അഞ്ജലി ജി. സ്റ്റുഡന്റ് എഡിറ്ററുമായ മാഗസിന്‍ പുറത്തിറങ്ങിയത്. ജര്‍മ്മനിയുടെ ഹിറ്റ്‌ലര്‍ ഭരണകാലത്ത് ഡെമോക്രാറ്റുകള്‍ പുറത്തിറക്കിയ മാസികയെ അനുസമരിപ്പിച്ചു കൊണ്ടാണ് വൈഡര്‍സ്റ്റാന്റ്് എന്ന പേര് മാഗസിനു നല്‍കിയത്. വൈഡര്‍സ്റ്റാന്റ് എന്ന പദത്തിന് പ്രതിരോധം എന്നാണ് അര്‍ത്ഥം.

We use cookies to give you the best possible experience. Learn more