പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഗസിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി: പ്രശ്‌നം പരിഹരിച്ചത് വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം
Daily News
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഗസിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി: പ്രശ്‌നം പരിഹരിച്ചത് വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th August 2016, 3:17 pm

പോണ്ടിച്ചേരി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഗസിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മാഗസിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

മാഗസിന്റെ ചീഫ് എഡിറ്ററായ സി. മൂര്‍ത്തിയെ ഡീന്‍സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. മാഗസിന്‍ വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് മാഗസിന്‍ സൂക്ഷിച്ച് സീല്‍ചെയത് മുറിയുടെ താക്കോല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് അധികൃതര്‍ കൈമാറി.

മാഗസിനെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൂടെ നിന്നത് കേരളത്തിലെ കാമ്പസുകളാണെന്നും സോഷ്യല്‍മീഡിയ നടത്തിയ ഇടപെടലുകള്‍ മാധ്യമങ്ങളെ സര്‍വകലാശാലയിലേക്ക് എത്തിച്ചെന്നും മാഗസിന്‍ കമ്മിറ്റി അംഗമായ നിതിന്‍ പറഞ്ഞു.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളുമാണ് തങ്ങള്‍ക്ക് പൊരുതാനുള്ള ഊര്‍ജ്ജം നല്‍കിയതെന്നും എല്ലാവരോടുമുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും എസ്.എഫ്.ഐ യൂണിറ്റി പ്രസിഡന്റുമായ അഞ്ജലി ഗംഗാ പ്രതാപാണ് മാഗസിന്റെ സ്റ്റുഡന്‍ന്റ്‌സ് എഡിറ്റര്‍.

ജൂലൈ 28ന് പ്രകാശനം ചെയ്ത “വൈഡര്‍സ്റ്റാന്റ്” എന്ന മാഗസിനായിരുന്നു പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി നിരോധനം ഏര്‍പ്പെടുത്തിയത്. മാഗസീന്‍ വിതരണം ചെയ്യുന്നത് തടയുകയും മാഗസിന്‍ സൂക്ഷിച്ച മുറി പൂട്ടി സീല്‍ വെയ്ക്കുകയും ചെയ്തിരുന്നു.

കേന്ദ്രസര്‍ക്കാറിനെതിരായ ലേഖനങ്ങള്‍ ഉള്ളതിനാലാണ് മാഗസിന്‍ നിരോധിച്ചതെന്നായിരുന്നു സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് രജിസ്റ്റാറുടെ വിശദീകരണം.

രോഹിത് വെമുലയടക്കം ക്യാംപസുകളില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍, കാവിവല്‍ക്കരിക്കപ്പെട്ട ക്യാംപസുകള്‍ എന്ന ലേഖനവുമാണ് രാജ്യവിരുദ്ധത ആരോപിക്കുന്നത്. കവര്‍ചിത്രമായി ഉള്‍പ്പെടുത്തിയ ടിയര്‍ഗ്യാസ് ഷെല്ലുകളില്‍ പൂക്കള്‍ വിരിയിച്ച പലസ്തീനിലെ ബബീഹ എന്ന സ്ത്രീയും രാജ്യവിരുദ്ധ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു ആരോപണം. എ.ബി.വി.പിയായിരുന്നു മാഗസിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

മാഗസിന്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ കഴിഞ്ഞ ദിവസം എ.ബി.വി.പി ആക്രമണവും ഉണ്ടായിരുന്നു. നിരോധിച്ച മാഗസിന്‍ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസിനു മുന്നില്‍ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യൂണിയന്‍ പ്രതിനിധികളടക്കമുള്ള വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രകടനത്തിനു നേരെയായിരുന്നു എ.ബി.വി.പി.യുടെ ആക്രമണം.

എ.ബി.വി.പി പ്രവര്‍ത്തകര്‍ മാഗസിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നതോടെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിയുടെ നടപടിക്കെതിരെ രംഗത്തെത്തുകയായിരുന്നു.