പോണ്ടിച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥി മാഗസിന്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ എ.ബി.വി.പി ആക്രമണം. ശ്രീജിത്ത് ഉണ്ണികൃഷ്ണന്‍, ഷിന്‍ജിത്ത് ലാല്‍, ശ്രീജിത്ത് എന്നീ വിദ്യാര്‍ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
നിരോധിച്ച മാഗസിന്‍ ഇന്ന് വിദ്യാര്‍ഥി യൂണിയന്‍ ഓഫീസിനു മുന്നില്‍ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യൂണിയന്‍ പ്രതിനിധികളടക്കമുള്ള വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രകടനത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് സര്‍വകലാശാലയിലെ മാഗസിന്‍ കമ്മിറ്റിയിലെ അംഗമായ നിധിന്‍ നാഥ് ഡൂള്‍ ന്യൂസിനോടു പറഞ്ഞു. ആക്രമണമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളിപ്പോള്‍ സര്‍വകലാശാലയുടെ പ്രധാന കവാടം ഉപരോധിക്കുകയാണ്. സ്ഥലത്ത് പോലീസ് എത്തിച്ചേര്‍ന്നിട്ടുണ്ട്.
ജൂലൈ 28ന് പ്രകാശനം ചെയ്ത മാഗസീന്‍ വിതരണം ചെയ്യുന്നത് തടയുകയും മാഗസിന്‍ സൂക്ഷിച്ച മുറി പൂട്ടി സീല്‍ വെയ്ക്കുകയും ചെയ്തിരുന്നു. “വൈഡര്‍സ്റ്റാന്റ്” എന്ന മാഗസിനാണ് നിരോധിച്ചത്. മാഗസിന്‍ സൂക്ഷിച്ചിരുന്ന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുറി പൂട്ടി സീല്‍ ചെയ്യുകയും ചെയ്തതായി മാഗസിന്‍ കമ്മിറ്റി അംഗം പറഞ്ഞു.
കേന്ദ്രസര്‍ക്കാറിനെതിരായ ലേഖനങ്ങള്‍ ഉള്ളതിനാലാണ് മാഗസിന്‍ നിരോധിച്ചതെന്ന് സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് രജിസ്റ്റാറുടെ വിശദീകരണം.