പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എ.ബി.വി.പിയോടൊപ്പം മോദിയ്ക്ക് വോട്ട് ചോദിച്ച് വി.സി
national news
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എ.ബി.വി.പിയോടൊപ്പം മോദിയ്ക്ക് വോട്ട് ചോദിച്ച് വി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th February 2019, 10:29 pm

പോണ്ടിച്ചേരി: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നരേന്ദ്രമോദിയ്ക്ക് വേണ്ടി എ.ബി.വി.പി നടത്തുന്ന ക്യാംപെയ്‌ന്റെ ഭാഗമായി വൈസ്ചാന്‍സലര്‍ പ്രൊഫസര്‍ ഗുര്‍മീത് സിങ്. #Modi_Once_More എന്ന പേരിലാണ് എ.ബി.വി.പി ക്യാംപെയ്ന്‍.

വൈസ് ചാന്‍സലറെ കൂടാതെ പ്രൊഫസര്‍ വെങ്കട്ട് രഘുത്തം (സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്), ഡോ. അജീത് ജൈസ്വാള്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്ത്രോപ്പോളജി) എന്നീ അധ്യാപകരും ബി.ജെ.പി ക്യാംപെയ്‌ന്റെ ഭാഗമായിട്ടുണ്ട്.

സംഘപരിവാര്‍ സംഘടനയായ ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അനിര്‍ബന്‍ ഗാംഗുലിയ്‌ക്കൊപ്പം ക്യാമ്പസില്‍ വൈസ് ചാന്‍സലറും അധ്യാപകരും എ.ബി.വി.പിക്കാര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

സര്‍വകലാശാലയ്ക്കുള്ളിലെ വി.സിയുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. വി.സിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും, എസ്.എഫ്.ഐ ക്യാംപസില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പോണ്ടിച്ചേരി സര്‍വകലാശാല എസ്.എഫ്.ഐ സെക്രട്ടറി അഭിജിത്ത് സുധാകരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പോണ്ടിച്ചേരി സര്‍വകലാശാല ക്യാമ്പസില്‍ വൈസ്ചാന്‍സലര്‍ കാവിവത്കരണത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നേരത്തെയും സമരം നടത്തിയിരുന്നു.