| Thursday, 6th February 2020, 10:59 pm

ഫീസ് വര്‍ധനവിനെതിരെ സമരവുമായി പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍; യോഗത്തില്‍ പങ്കെടുക്കാതെ വൈസ് ചാന്‍സിലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: ഫീസ് വര്‍ധനവിനെതിരെ സമരവുമായി പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ഥികള്‍.സ്റ്റുഡന്റസ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളുടെ സമരം.

സമരത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് ബഹിഷ്‌കരിക്കുകയും അഡ്മിന്‍ വിഭാഗം ഉപരോധിക്കുകയും ചെയ്തു. ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക, ബസ് ഫീസ് പിന്‍വലിക്കുക, പുതുച്ചേരി വിദ്യാര്‍ത്ഥികള്‍ക്ക് റിസര്‍വേഷന്‍ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കൗണ്‍സില്‍ അറിയിച്ചു.

പൊതുവിദ്യാഭ്യാസം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രാപ്യമാക്കുന്നതിനു വേണ്ടിയാണ് സമരമെന്നു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെ സ്റ്റുഡന്റസ് കൗണ്‍സില്‍ പ്രസിഡന്റ് പരിചയ് യാദവ് പറഞ്ഞു.

അതേസമയം നിഷേധാത്മക നിലപാട് തുടരുന്ന വൈസ് ചാന്‍സലറെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചിരിക്കുകയാണ്. ഗ്രിവന്‍സ് കമ്മിറ്റിയുടെ ഒരു യോഗത്തില്‍ പോലും പങ്കെടുക്കാന്‍ വൈസ് ചാന്‍സിലര്‍ കൂട്ടാക്കത്തതിനെ തുടര്‍ന്നാണ് ഉപരോധമെന്ന് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ അഭിവാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ദീര്‍ഘ കാലമായുള്ള ഈ ആവശ്യങ്ങളോട് അഡ്മിനിസ്‌ട്രേഷന്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചുവരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കഴിഞ്ഞ ജൂലൈയില്‍ മുന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഗ്രിവന്‍സ് കമ്മിറ്റി(grievance committee) രൂപീകരിച്ചിരുന്നു.

അഡ്മിനിസ്‌ട്രേഷന്‍ സമരം അട്ടിമറിക്കുന്നതിനുവേണ്ടി നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സമരത്തിന്റെ ഭാഗമായിട്ടുണ്ട്.വിദ്യാര്‍ഥികള്‍ അഡ്മിന്‍ ബ്ലോക്കിനുള്ളില്‍ സമരം തുടരുകയാണ്.

ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സ്റ്റുഡന്റ്സ് കൗണ്‍സില്‍ വ്യക്തമാക്കി. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെയും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് കൗണ്‍സില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more