| Thursday, 20th February 2020, 5:25 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നടത്തണമെന്ന ഉത്തരവുമായി പോണ്ടിച്ചേരി സര്‍വകലാശാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോണ്ടിച്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നടത്തണമെന്ന നിര്‍ദ്ദേശവുമായി പോണ്ടിച്ചേരി സര്‍വകലാശാല. ഫെബ്രുവരി 21 ന് മുന്‍പ് കൗണ്‍സിലിംഗ് നടത്തണമെന്ന നിര്‍ദ്ദേശമാണ് സര്‍വകലാശാല നല്‍കിയിട്ടുള്ളത്.

എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും തലവന്‍മാര്‍ക്കും ഡീനിനുമായാണ് ഇത് സംബന്ധിച്ച കത്ത് നല്‍കിയിരിക്കുന്നത്.

‘നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൗണ്‍സിലിംഗ് സെഷന്‍ സംഘടിപ്പിക്കണം. നിങ്ങളുടെ കൂടി സൗകര്യാര്‍ത്ഥം തിയതിയും സമയവും സ്ഥലവും നിശ്ചയിക്കപ്പെടുന്നതാണ്. ഫെബ്രുവരി 21 ന് മുന്‍പായി പ്രസ്തുത കൗണ്‍സിലിംഗ് നടത്തണം.’

കൗണ്‍സിലിംഗ് നടത്തിയതിന് ശേഷമുള്ള റിപ്പോര്‍ട്ട് അക്കാദമിക് കോര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. ഉത്തരവിന് പിന്നാലെ സമരം നടത്തുമ്പോള്‍ അനുവാദം വാങ്ങണമെന്നും മുദ്രാവാക്യങ്ങളില്‍ നല്ല വാക്കുകളുപയോഗിക്കണമെന്നും ചില അധ്യാപകര്‍ ക്ലാസില്‍ വന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നതായി പോണ്ടിച്ചേരി സര്‍വകലാശാല പി.ജി വിദ്യാര്‍ത്ഥിയായ അംജദ് ഷറഫുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ സര്‍വകലാശാലയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങുന്ന കീഴ്‌വഴക്കം നേരത്തെ തന്നെ ഇല്ലാത്തതാണെന്നും അംജദ് പറഞ്ഞു. വിവാദ ഉത്തരവിനെതിരെ ഇന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

ഡിസബംര്‍ 10 ന് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിക്കുകയും പൗരത്വ നിയമത്തിന്റെ പകര്‍പ്പ് കീറിക്കളയുകയും ചെയ്തിരുന്നു.

ഇതിനിടെ കുറച്ചാളുകള്‍ ബി.ജെ.പിയുടെ കൊടിയുമായി വന്ന് പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more