പോണ്ടിച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരമുഖത്തേക്ക്. ക്യാംപസിലെ ഹൈന്ദവവല്‍ക്കരണത്തിനും, അധികൃതര്‍ നടത്തുന്ന വിദ്യാര്‍ത്ഥി അവകാശ ലംഘനങ്ങള്‍ക്കുമെതിരേയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സമരം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നാക്ക് വിസിറ്റിനോട് അനുബന്ധിച്ച് ഹോസ്റ്റലുകള്‍ക്ക് മുമ്പില്‍ വെച്ച് ബോര്‍ഡില്‍ ഹിന്ദു മതത്തെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള വാചകങ്ങള്‍ സര്‍വകലാശാല എഴുതിച്ചേത്തിരുന്നു. കൂടാതെ കലാലയത്തില്‍ രാഷ്ട്രീയ പോസ്റ്ററുകള്‍ നീക്കം ചെയ്ത അധികൃതര്‍ നാക്ക് അംഗങ്ങളോട് നുണ പറയാന്‍ പ്രേരിപ്പിച്ചതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സംഘടനാ വ്യത്യാസമില്ലാതെ, എസ്.എഫ്.ഐ, എ.എസ്.എ, എം.എസ്.എഫ്, എസ്.ഐ.ഓ, എ.ഐ.എസ്.എഫ്, എന്‍.എസ്.യു.ഐ എന്നീ സംഘടനകള്‍ സംയുക്തമായാണ് സര്‍വകലാശാല അധികൃതര്‍ക്കെതിരെ സമരം നയിക്കുന്നത്.
ഈ സംഘടനകള്‍ ചേര്‍ന്ന് സര്‍വകലാശാല അധികൃതര്‍ക്കെതിരെ ഒരു സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
ക്യാംപസിലെ ഹൈന്ദവവല്‍ക്കരണം അവസാനിപ്പിക്കുക, പരോക്ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള കര്‍ഫ്യൂ നീക്കം ചെയ്യുക, ഹോസ്റ്റലുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെയ്ക്കുന്നത്.
കഴിഞ്ഞ ദിവസം അധികൃതരുടെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് സര്‍വകലാശാലയുടെ ഗേറ്റ് ഉപരോധിച്ച് കൊണ്ടുള്ള സമരം ആരംഭിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് 2015ലാണ് വൈസ് ചാന്‍സലര്‍ ചന്ദ്ര കൃഷ്ണമൂര്‍ത്തിയെ പുറത്താക്കാന്‍ രാഷ്ട്രീയഭേദമന്യേ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്. തുടര്‍ന്ന് വി.സിക്ക് സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.