| Wednesday, 21st November 2018, 6:14 pm

സുപ്രീംകോടതി വിധി വ്യത്യസ്തമാണ്, അതിലേക്ക് കടക്കുന്നില്ല; ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി പൊന്‍ രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമനുവദിച്ചുള്ള സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ശബരിമല ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം ഒഴിഞ്ഞുമാറിയത്.

“സുപ്രീംകോടതി വിധിയിലേക്ക് പോകുന്നില്ല, അത് വ്യത്യസ്തമാണ്, ഇപ്പോള്‍ ഭക്തരെ ഒരു തടസ്സവുമില്ലാതെ ശബരിമലയില്‍ കടത്തിവിടണം എന്നാണ് ആവശ്യം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായി ഇടപെട്ടില്ലെങ്കില്‍ ഇടപെടുന്ന കാര്യം കേന്ദ്രം ആലോചിക്കും.”

ALSO READ: ഇനിയും മാറ്റം വന്നില്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല; മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് മന്‍മോഹന്‍സിംഗ്

നേരത്തെ ശബരിമലയിലേക്ക് പോകുന്നതിന് മുന്‍പ് വിധിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു.

എന്താണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ കുറിച്ചുള്ള താങ്കളുടെ നിലപാട് എന്ന ചോദ്യത്തിന് “മറുപടി പറയാന്‍ ഇപ്പോള്‍ സമയമില്ല” എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ALSO READ: പുതുവൈപ്പിന്‍ സമരക്കാരെ തല്ലിച്ചതച്ചവരെയാണോ ശബരിമലയുടെ ചുമതലയേല്‍പ്പിക്കുന്നത്? പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

നിലപാട് ഉണ്ട്. ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാത്തതാണ് പ്രശ്നം. മറ്റുകാര്യങ്ങളൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല- മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു മന്ത്രി.

സ്വകാര്യ വാഹനം പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് എസ്.പി യതീഷ് ചന്ദ്രയും പൊന്‍ രാധാകൃഷ്ണനും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.

അതേസമയം ശബരിമല സന്ദര്‍ശനത്തിനുശേഷം സംസ്ഥാന സര്‍ക്കാരിനും എസ്.പി യതീഷ് ചന്ദ്രയ്ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്.

ചിത്രം കടപ്പാട്- മനോരമ ഓണ്‍ലൈന്‍

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more