| Wednesday, 21st November 2018, 2:12 pm

യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയോ? ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന പൊലീസ് നിലപാട് ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും നിലയ്ക്കലിന്റെ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്കേറ്റത്തിനു വഴിവെച്ചിരുന്നു. ഈ വാക്കേറ്റത്തിന്റെ പേരില്‍ എസ്.പി യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്നും കേന്ദ്രമന്ത്രി കറുത്തവനായതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് രാധാകൃഷ്ണന്റെ ആരോപണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എസ്.പി കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയോ?

എസ്.പിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള തര്‍ക്കം ഇങ്ങനെ:

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ : “”നിങ്ങള്‍ എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേയ്ക്ക് വിടുന്നില്ല? ”

പൊന്‍ രാധാകൃഷ്ണന്‍: അനാവശ്യമായി ഇവര്‍ ഭക്തരെ ദ്രോഹിക്കുകയാണ്.

യതീഷ് ചന്ദ്ര അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ പമ്പയിലെ പാര്‍ക്കിംഗ് സ്‌പേസുകള്‍ മിക്കവാറൂം പ്രളയത്തില്‍ ഒലിച്ചുപോയി…

പൊന്‍ രാധാകൃഷ്ണന്‍: അതെനിക്കറിയാം.

യതീഷ് : ദയവു ചെയ്ത് ഞാന്‍ പറയുന്നത് കേള്‍ക്കൂ, പമ്പയിലെ പാര്‍ക്കിങ് സ്‌പേസുകള്‍ പ്രളയത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. പാര്‍ക്ക് ചെയ്യുന്ന ഇടത്തില്‍ മണ്ണിടിച്ചില്‍ ഭീതി നിലനില്‍ക്കുന്നുണ്ട്. ഭക്തര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അത് ഞങ്ങള്‍ക്ക് പ്രശ്‌നമാകും. കാരണം വെള്ളപ്പൊക്കത്തിനുശേഷം മണ്ണ് ലൂസായിട്ടുണ്ട്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും മണ്ണൊലിപ്പുണ്ടാവാം. അതുമാത്രമാണ് ഞങ്ങള്‍ വാഹനങ്ങള്‍ തടയാനുള്ള ഏക കാരണം.

പൊന്‍ രാധാകൃഷ്ണന്‍: “”കെ.എസ്.ആര്‍.ടി.സി ബസുകള്‍ പോകുന്നുണ്ടല്ലോ?””

യതീഷ് ചന്ദ്ര: “”സാര്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ അങ്ങനെ അവിടെ പാര്‍ക്ക് ചെയ്യുന്നില്ല. അത് തിരിച്ചുവരികയാണ് ചെയ്യുന്നത്.

പൊന്‍ രാധാകൃഷ്ണന്‍: നിങ്ങള്‍ സ്വകാര്യ വാഹനങ്ങളെ അവിടെ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കരുത്. അവരോട് ആളുകളെ ഇറക്കി തിരിച്ചുവരാന്‍ പറയണം.

യതീഷ് ചന്ദ്ര: ശരി, നിങ്ങള്‍ പറയുന്നതിനോട് യോജിക്കുന്നു, പക്ഷേ എല്ലാവരേയും അവിടെ പോകാന്‍ അനുവദിക്കുക വഴി അവിടെ ട്രാഫിക് ബ്ലോക്കുണ്ടാകുകയാണെങ്കില്‍ ഉത്തരവാദി നിങ്ങളായിരിക്കും. ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണോ?

പൊന്‍ രാധാകൃഷ്ണന്‍: “എനിക്കങ്ങനെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ല”

യതീഷ് ചന്ദ്ര: അതെ, അതാണ് ഇവിടുത്തെ പ്രശ്‌നം, ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല.

എ.എന്‍ രാധാകൃഷ്ണന്‍: “”അല്ല നിങ്ങള് ചെയ്യേണ്ട പണി നിങ്ങള് ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാ. നിങ്ങള്‍ ആരോടാണ് ചൂടാവുന്നത്. നിങ്ങള് ചെയ്യുന്ന പണി നിങ്ങള് ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാ. നിങ്ങളെന്താ മുഖത്തു നോക്കി പേടിപ്പിക്കുന്നെ.””

യതീഷ് ചന്ദ്ര: “ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുമോ?

രാധാകൃഷ്ണന്‍: മര്യാദയ്ക്ക് സംസാരിക്കണം മാഷേ. ഞങ്ങളെ മിനിസ്റ്ററോട് സംസാരിക്കുമ്പോള്‍ മര്യാദയ്ക്ക് സംസാരിക്കണം.”

യതീഷ് ചന്ദ്ര: ട്രാഫിക് ജാം സംഭവിക്കാം. അതുണ്ടായാല്‍ എല്ലാ ഭക്തരുമാണ് ബുദ്ധിമുട്ടിലാവുക.

പൊന്‍ രാധാകൃഷ്ണന്‍: നിങ്ങള്‍ ഒരു വാഹനവും അനുവദിക്കുന്നില്ലെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ കെ.എസ്.ആര്‍.ടി.സിയെ അവിടെ ആളെ ഇറക്കി തിരിച്ചുവരാന്‍ അനുവദിക്കുന്നു. സ്വകാര്യ വാഹനങ്ങളെയും അതിന് അനുവദിക്കണം.

യതീഷ് ചന്ദ്ര: സാര്‍ അതു തന്നെയാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. അതിന് അനുവദിക്കുകയാണെങ്കില്‍ ട്രാഫിക് ജാം സംഭവിക്കുമെന്ന്.

പൊന്‍ രാധാകൃഷ്ണന്‍: നിങ്ങളുടെ പക്കല്‍ ഫോഴ്‌സില്ലെ. ട്രാഫിക് നിയന്ത്രിക്കണം

യതീഷ്: ഫോഴ്‌സൊക്കെയുണ്ട്. പക്ഷേ റോഡ് എന്തു ചെയ്യാനാവും. ഇത് പരിസ്ഥിതി ലോല പ്രദേശമാണ്. മണ്ണിടിച്ചിലുണ്ടായാല്‍ അത് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടാകും.

പൊന്‍: അപ്പോള്‍ എന്റേതടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളും നിങ്ങള്‍ അനുവദിക്കില്ലെന്നാണ് എനിക്കു തോന്നുന്നത്.

യതീഷ് ചന്ദ്ര: അങ്ങനെയല്ല സാര്‍, സാറിന്റെ വാഹനം അനുവദിക്കും. നിങ്ങള്‍ മന്ത്രിയാണ്. മന്ത്രിയുടെ വാഹനം അനുവദിക്കാം.

പൊന്‍ രാധാകൃഷ്ണന്‍: വി.ഐ.പി വാഹനത്തെ മണ്ണിടിച്ചില്‍ ബാധിക്കില്ലേ?

യതീഷ് ചന്ദ്ര: വി.ഐ.പി വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന് മറ്റൊരു ഇടമുണ്ട്. വി.ഐ.പിമാര്‍ വളരെ കുറച്ചല്ലേ ഉണ്ടാവൂ. അതാണ് കാരണം.

പൊന്‍ രാധാകൃഷ്ണന്‍: നിങ്ങള്‍ തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുകയാണ്.

യതീഷ് ചന്ദ്ര: ഒരിക്കലുമല്ല. സാറ് ഒരു ഉത്തരവ് നല്‍കൂ. ഞങ്ങള്‍ വാഹനങ്ങളെ കടത്തിവിടാം.

പൊന്‍ രാധാകൃഷ്ണന്‍: എനിക്ക് അതിനുള്ള അവകാശമില്ല.

യതീഷ് ചന്ദ്ര: മണ്ണിടിച്ചലെങ്ങാനും ഉണ്ടായാല്‍ ഭക്തന്മാര്‍ കൊല്ലപ്പെടും സാര്‍

പൊന്‍ രാധാകൃഷ്ണന്‍: അത് ഈ സര്‍ക്കാര്‍ വാഹനത്തിലും സംഭവിക്കാമല്ലോ.

യതീഷ് ചന്ദ്ര: സാര്‍ റോഡിന്റെ കാര്യത്തിലല്ല പറയുന്നത് പാര്‍ക്കിങ്ങിന്റെ കാര്യത്തിലാണ്.

തിരിഞ്ഞു നടന്ന് മാധ്യമങ്ങളോട് പൊന്‍ രാധാകൃഷ്ണന്‍: സര്‍ക്കാര്‍ ഒരു കാര്യവുമില്ലാതെ സ്വകാര്യ വാഹനങ്ങള്‍ തടയുകയാണ്. സര്‍ക്കാര്‍ അനാവശ്യമായി ഭക്തരെ അപമാനിക്കുകയാണ്.””

മാധ്യമങ്ങള്‍: “”ഇപ്പോള്‍ ബി.ജെ.പി ഉന്നയിക്കുന്ന പ്രധാന വിഷയമായ ശബരിമല യുവതി പ്രവേശനത്തിലെ സുപ്രീം കോടതി വിധിയെക്കുറിച്ച് എന്താണ് അഭിപ്രായം?””

പൊന്‍: ” അതിന്റകത്ത് പോകാന്‍ ഇപ്പോള്‍ സമയമില്ല…എന്നാല്‍ ശരി.”

We use cookies to give you the best possible experience. Learn more