പത്തനംതിട്ട: ശബരിമലയില്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചത് അനാവശ്യനടപടിയെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ശബരിമല ക്ഷേത്രം കേരളത്തിന്റെ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ ഭക്തര്‍ക്കും ശബരിമലയില്‍ എത്താനുള്ള സൗകര്യമുണ്ടാകണം. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കും വരുന്ന ബസില്‍ 50 തീര്‍ത്ഥാടകരുണ്ട്. ഇങ്ങനെയാകുമ്പോള്‍ നിരോധനാജ്ഞയ്ക്ക് അര്‍ഥമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയില്‍ നിന്നു ഭക്തരെ അകറ്റാനുള്ള മാസ്റ്റര്‍ പ്ലാനാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരും പൊലീസും പരാജയപ്പെട്ടു. എസ്.പി യതീഷ് ചന്ദ്ര ശബ്ദമുയര്‍ത്തി ചോദ്യങ്ങള്‍ ചോദിച്ചത് ശരിയാണോയെന്നു ചിന്തിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിയോടോ ഒരു മന്ത്രിയോടോ അദ്ദേഹം ഇങ്ങനെ ചോദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ സ്വയം തിരുത്തണം, അല്ലെങ്കില്‍ ജനങ്ങള്‍ തിരുത്തും. സന്നിധാനത്ത് തിരക്ക് കുറഞ്ഞതിന് ആരാണ് കാരണം. അയ്യപ്പഭക്തര്‍ ശരണം വിളിക്കാന്‍ ഭയപ്പെടുകയാണ്. ശരണംവിളികളില്ലാതെ എങ്ങനെ ഒരു വിശ്വാസിക്ക് മലയയ്ക്ക് പോകാനാകും. കൂട്ടു പിരിയരുത് എന്നാണ് മുമ്പ് അനൗണ്‍സ് ചെയ്തിരുന്നത് ഇപ്പോള്‍ കൂട്ടംകൂടരുത് എന്നാണ് പറയുന്നത്.
തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആരും ശബരിമലയിലേക്ക് വരരുത് എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
ശബരിമലയിലെ നിരോധനാജ്ഞ അനാവശ്യമാണ്. പ്രതിഷേധക്കാരേയും തീര്‍ത്ഥാടകരേയും എങ്ങനെ തിരിച്ചറുമെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ പ്രഖ്യാപിച്ച 144 പിന്‍വലിക്കണം. ഭക്തരെ വാഹനങ്ങളില്‍ എത്താന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: