നിലയ്ക്കല്‍: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍.
എന്താണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ കുറിച്ചുള്ള താങ്കളുടെ നിലപാട് എന്ന ചോദ്യത്തിന് “മറുപടി പറയാന്‍ ഇപ്പോള്‍ സമയമില്ല” എന്നായിരുന്നു മന്ത്രിയുടെ മറുപടി.
നിലപാട് ഉണ്ട്. ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാത്തതാണ് പ്രശ്‌നം. മറ്റുകാര്യങ്ങളൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല- മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു മന്ത്രി.
സ്വകാര്യ വാഹനം പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് എസ്.പി യതീഷ് ചന്ദ്രയും പൊന്‍ രാധാകൃഷ്ണനും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.
പ്രളയത്തെ തുടര്‍ന്ന് മണ്ണെല്ലാം നനഞ്ഞ് കുതിര്‍ന്നിരുന്നതിനാല്‍ ഏതു സമയത്തും മണ്ണിടിച്ചലുണ്ടാകാം. അക്കാരണം കൊണ്ടുമാത്രമാണ് വാഹനങ്ങള്‍ പ്രവേശിപ്പിക്കാത്തതെന്ന് യതീഷ് ചന്ദ്ര മന്ത്രിയോട് പറഞ്ഞെങ്കിലും ആ വാദം അംഗീകരിക്കാതെ സ്വകാര്യ വാഹനം കടത്തി വിടണമെന്ന നിലപാടെടുക്കുകയായിരുന്നു മന്ത്രി.
തനിക്കൊപ്പം വന്ന എല്ലാ ബി.ജെ.പി നേതാക്കളുടേയും സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്ന നിലപാടില്‍ കേന്ദ്രമന്ത്രി ഉറച്ചു നിന്നു. ഇതോടെ “ഞാന്‍ എല്ലാ വാഹനങ്ങളെയും കടത്തിവിടാന്‍ തയ്യാറായാല്‍ ട്രാഫിക് ബ്ലോക്കുണ്ടാകും. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണോ”യെന്നും യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോടു ചോദിച്ചു.
“ആ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കില്ല” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഇതോടെ “അതാണ് ഇവിടെ കാര്യം. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയ്യാറാവില്ല” യെന്ന് യതീഷ് ചന്ദ്ര വിശദീകരിച്ചു. ഇതോടെ കേന്ദ്രമന്ത്രിക്ക് ഉത്തരംമുട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇദ്ദേഹം മാധ്യമങ്ങളെ കാണാനായി എത്തിയത്. എസ്.പിയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് സര്‍ക്കാരെന്നും പൊന്‍രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഇതിനിടെയായിരുന്നു സുപ്രീം കോടതി വിധിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം വന്നത്.
ചിത്രം കടപ്പാട്: മനോരമ ഓണ്‍ലൈന്‍