മൂന്നാര്‍: പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്നും താന്‍ രാജി വയ്ക്കുന്നതായി അവര്‍ തന്നെയാണ് അറിയിച്ചത്.
തന്നെ പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് തിരിച്ചറിയുന്നതായി ഗോമതി ഫേസ്ബുക്കിലൂടെ പറഞ്ഞു.
‘വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ഞാന്‍ രാജിവെക്കുന്നു. എന്നെ പോലെ സമരങ്ങളിലൂടെ കടന്നു വന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് മനസ്സിലാക്കിയാണ് ഞാന്‍ രാജിവെക്കുന്നത്. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ലൈവില്‍ വന്ന് പറയാം,’ ഗോമതി പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേരുന്നത്. ആലുവ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ വെച്ചായിരുന്നു അവര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചിരുന്നത്.
തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ഗോമതി നടത്തിയ സമരങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പരമ്പരാഗത തൊഴിലാളി യൂണിയനുകളെ വെല്ലുവിളിച്ച് തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ പൊമ്പിളൈ ഒരുമൈ സമരങ്ങളിലൂടെയാണ് ഗോമതി ശ്രദ്ധ നേടിയത്.
2015ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് നല്ലതണ്ണി ഡിവിഷനില്‍ നിന്ന് പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോമതി വിജയിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: Pompilai Orumai leader Gomati resigns from Welfare Party