കോഴിക്കോട്: തമിഴ്‌നാട്ടുകാരുടെ ഗോ ബാക്ക് മോദിക്ക് പിന്നാലെ മലയാളികളുടെ പോ മോനെ മോദിയും ട്വിറ്ററില്‍ ട്രന്‍ഡിംങ്ങ്. സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് തമിഴ്‌നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമെങ്കില്‍ കേളത്തിലെ പ്രളയക്കാലത്ത് മോദിയെടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് മലയാളികള്‍ മോദിയെ ബഹിഷ്‌ക്കരിക്കുന്നത്.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയം കേരളം നേരിട്ടപ്പോള്‍ വിദേശ സഹായം നിഷേധിക്കുകയും കേന്ദ്രസഹായം വെട്ടിക്കുറക്കുകയും ചെയ്ത നിലപാടും അരിയുടെതടക്കം വില ഈടാക്കിയതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ മോദിക്കെതിരെ ഹാഷ്ടാഗ് ക്യാംപയിന്‍ നടത്തുന്നത്.
കൂടാതെ മോദിഭരണക്കാലത്തെ അഴിമതിയും വില വര്‍ധനയും തൊഴിലില്ലായ്മയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമവുമെല്ലാം എടുത്ത് പറഞ്ഞ് കൊണ്ടാണ് മോദിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.
വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുന്നോടിയായുമാണ് മോദി കേരളത്തിലെത്തിയത്. അതേസമയം മധുരൈ എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങിനായിരുന്നു മോദി തമിഴ്നാട്ടില്‍ എത്തിയത്.
ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം തമിഴ്‌നാട്ടില്‍ ഉയര്‍ന്നത്. തമിഴ്നാടിന്റെ ഭൂപടത്തില്‍ ഇ.വി.ആര്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് മോദിക്കെതിരെയുള്ള പ്രതിഷേധം പ്രചരിക്കുന്നത്.
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പോലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. കാവേരി ജല തര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകക്ക് അനുകൂലമായ നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.