യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ലൂക്ക് പോമര്‍സ്ബാക്കിനെ ജാമ്യത്തില്‍ വിട്ടു
DSport
യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ലൂക്ക് പോമര്‍സ്ബാക്കിനെ ജാമ്യത്തില്‍ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th May 2012, 10:42 am

ന്യൂദല്‍ഹി: ഇന്ത്യന്‍ വംശജയായ വിദേശ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതിന് ആസ്‌ട്രേലിയക്കാരനും റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരന്റെ താരവുമായ ലൂക്ക് പോമര്‍സ്ബാക്കിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ കേസിന് ആവശ്യമായ തെളിവുകള്‍ പോലീസുകാര്‍ ശേഖരിച്ചില്ലെന്നും ആക്ഷേപമുണ്ട്. നിര്‍ണ്ണായക തെളിവായ സി.സി.ടി.വി. ക്യാമറ ദ്യശ്യങ്ങള്‍ പോലീസ് എടുത്തിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ രക്ത സാമ്പിളുകള്‍ എടുത്തിട്ടില്ലെന്നുമുള്ള ആക്ഷേപമാണ് ഉയര്‍ന്ന് വരുന്നത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ രാവിലെ 6.30ഓടെയാണ് യുവതിയുടെ കാമുകനെ ക്രിക്കറ്റ് താരം മര്‍ദിച്ചുവെന്നാരോപിച്ച് ഫോണ്‍ കോള്‍ വന്നതെന്നും പോലീസ് കോടതിയെ അറിയിച്ചു.

ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ പരാജയപ്പെടുത്തിയതിന്റെ ആഘോഷത്തില്‍ മദ്യപിക്കുകയായിരുന്ന ടീമംഗങ്ങളുടെ കൂടെ ഉണ്ടായിരുന്ന യുവതിയും കാമുകനും തിരിച്ച് മുറിയിലേക്ക് പോകവെ പോമര്‍സ്ബാക്ക് അവരുടെ കൂടെ മുറിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മുന്നു പേരും മുറിയില്‍ വച്ചും മദ്യപിച്ചു. ശേഷം പോമര്‍സ്ബാക്ക് യുവതിയെ കയറി പിടിക്കുകയായിരുന്നു. പോമര്‍സ്ബാക്കിനെ യുവതിയുടെ കാമുകന്‍ തടഞ്ഞപ്പോള്‍ അദ്ദേഹത്തെ പോമര്‍സ്ബാക്ക് മര്‍ദ്ദിക്കുയായിരുന്നുവെന്നും യുവതി കോടതിയില്‍ മൊഴി നല്‍കി. മുറിയില്‍ നിന്നും പുറത്താക്കിയിട്ടും പോമര്‍സ്ബാക്ക് പോവാന്‍ കൂട്ടാക്കത്തിനാലാണ് പോലീസിനെ വിളിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും അവര്‍ കോടതിയില്‍ മൊഴി നല്‍കി.

എന്നാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരന്റെ ഡയറക്ടറും ടീം ഉടമ വിജയ് മല്യയുടെ മകനുമായ സിദ്ധാര്‍ത്ഥ് മല്യ ആരോപണങ്ങള്‍ക്കെതിരെയും യുവതിക്കെതിരെയും രംഗത്തെത്തിയിട്ടുണ്ട്. യുവതിയുടെ സ്വഭാവ ശുദ്ധിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തയിത്. യുവതിക്കൊപ്പമുള്ളയാള്‍ അവരുടെ കാമുകനല്ലെന്നും യുവതി ഒരു ദിവസം രാത്രി മുഴുവനും തന്റെ പുറകെ നടന്നിരുന്നെന്നുമാണ് സിദ്ധാര്‍ത്ഥ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. യുവതി പറയുന്നതെല്ലാം മുഖവിലക്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. അതേ സമയം സിദ്ധാര്‍ത്ഥിന്റെ ഇത്തരം പരാാമര്‍ശങ്ങള്‍ക്കെതിരെ സ്ത്രീ സംഘടനാ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ സ്വഭാവ ശുദ്ധിയെ കുറിച്ച് പരസ്യ പ്രസ്ഥാവനകള്‍ നടത്തുന്നത് സ്ത്രീയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് നേതാക്കളുടെ വാദം.