കോഴിക്കോട്: ഇനി സമരത്തിനു പോയാല്‍ കൊല്ലുമെന്ന് സി.പി.ഐ.എം ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ജൂണ്‍ 9 മുതല്‍ മൂന്നാറില്‍ പെമ്പിള്ള ഒരുമയുടെ നേതൃത്വത്തില്‍ ഭൂസമരം ആരംഭിക്കുമെന്നും ഗോമതി അറിയിച്ചു. സര്‍ക്കാര്‍ കൊടുക്കുന്ന മൂന്നു സെന്റ് സ്ഥലം വേണ്ടെന്നു പറഞ്ഞ അവര്‍ ഒരേക്കര്‍ ഭൂമി തന്നെ വേണമെന്നും ആവശ്യപ്പെട്ടു.
സ്ഥലം തന്നില്ലെങ്കില്‍ തങ്ങളും ഭൂമി കയ്യേറുമെന്നും, കുടിയേറ്റക്കാരാണെന്ന് പറയുമെന്നും ഗോമതി പറഞ്ഞു.
വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ സമരം നടത്തിയിരുന്നു. തുടക്കത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടികളുടെ പിന്തുണ സമരത്തിന് ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ ഈ പാര്‍ട്ടികള്‍ സമരത്തില്‍ നിന്ന് മാറി നിന്നു.
നിരാഹാരസമരത്തെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആശുപത്രിയില്‍ നിന്നും വീണ്ടും സമരപ്പന്തലിലെത്തിയ ഗോമതി നിരാഹാരമവസാനിപ്പിച്ച് സത്യാഗ്രഹ സമരം തുടര്‍ന്നു. എന്നാല്‍ ഇതും അധിക നാള്‍ നീണ്ടു നിന്നില്ല. മെയ് പന്ത്രണ്ടിന് ഇവര്‍ സമരം അവസാനിപ്പിച്ചു.
സമരം നിര്‍ത്തിയിട്ടില്ലെന്നും ജൂണ്‍ ഒന്‍പതിന് സമരം വീണ്ടും ആരംഭിക്കുമെന്നും വ്യക്തമാക്കിയാണ് ഗോമതി അന്ന് സമരത്തില്‍ നിന്നും പിന്മാറിയത്.