മൂന്നാര്‍: വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിക്കെതിരെ സി.പി.ഐ.എം അച്ചടക്ക നടപടിയെടുത്തെങ്കിലും തങ്ങള്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പൊമ്പിളൈ ഒരുമൈ. മന്ത്രി രാജി വെച്ച് മാപ്പ് പറയുന്നത് വരെ സമരം തുടരുമെന്നും സമരക്കാര്‍ വ്യക്തമാക്കി.
പ്രശ്‌നപരിഹാരത്തിന് പരസ്യശാസന മാത്രം പോര. മന്ത്രി തെറ്റ് ചെയ്‌തെന്ന് ബോധ്യമായതിനാലാണ് പാര്‍ട്ടി നടപടിയെടുത്തത്. അങ്ങനെയെങ്കില്‍ രാജിയാണ് പരിഹാരമെന്നും അവര്‍ അറിയിച്ചു.
അതേസമയം പൊമ്പിളൈ ഒരുമൈയുടെ സമരം ഏറ്റെടുത്തതായി യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് സമരക്കാരെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.
നിയമസഭയില്‍ ഇന്നും മുഖ്യമന്ത്രി മണിയെ പിന്തുണച്ച് രംഗത്തെത്തി. എന്നാല്‍ മണി രാജി വെക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മണിയുടെ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധത ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷവും പൊമ്പിളൈ ഒരുമൈയും സമരം ആരംഭിച്ചത്.
എം.എം മണിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇന്നലെ തന്നെ ഉറപ്പായിരുന്നു. മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയോ പാര്‍ട്ടി കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തുകയോ പോലുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന സൂചനകളും ഇന്നലെ തന്നെ പുറത്തു വന്നിരുന്നു.