| Thursday, 8th September 2016, 8:51 am

'പൊമ്പിളൈ ഒരുമൈ' ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുന്നാറിലെ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്റ്റംബറിന് ശേഷമാണ് പെമ്പിളൈ ഒരുമൈ ട്രേഡ് യൂണിയന്‍ റജിസ്റ്റര്‍ ചെയ്തത്. നാലായിരത്തോളം അംഗങ്ങളാണ് സംഘടനയ്ക്ക് മുന്നാറിലുള്ളത്. ആപിന്റെ തൊഴിലാളി സംഘടനയായ “ശ്രമിക് വികാസ് സംഘടനി”ല്‍ തൊഴിലാളികള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.


 
ന്യൂദല്‍ഹി:  മുന്നാറിലെ തേയില തൊഴിലാളികളുടെ സംഘടനയായ “പൊമ്പിളൈ ഒരുമൈ” ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. മുന്നാറില്‍ നിന്നും നാലായിരത്തോളം തൊഴിലാളികള്‍ ആപില്‍ ചേരുമെന്ന് പ്രസിഡന്റ് ലിസി സണ്ണി പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായി പെമ്പിളൈ ഒരുമൈ അഫിലിയേറ്റ് ചെയ്യാനാണ് തീരുമാനം.

മുന്നാര്‍ സമരത്തില്‍ മറ്റു പാര്‍ട്ടികള്‍ പെരുവഴിയിലാക്കിയപ്പോള്‍ സഹായിച്ചതും സമരത്തിന് പിന്തുണ നല്‍കിയതും ആം ആദ്മി പാര്‍ട്ടിയായിരുന്നുവെന്ന് ലിസി സണ്ണി പറഞ്ഞു. ആപ് നേതാവ് സോംനാഥ് ഭാരതിയുമായി പൊമ്പിളൈ ഒരുമൈ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

സംഘടനകള്‍ തമ്മിലുള്ള ലയനമല്ല, മറിച്ച് അംഗങ്ങള്‍ പാര്‍ട്ടിയില്‍ ചേരുകയാണെന്ന് കേരളത്തിന്റെ ചുമതലയുള്ള  ആം ആദ്മി നേതാവ് അഡ്വ. സോംനാഥ് ഭാരതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫ്, യു.ഡി.എഫ്. സര്‍ക്കാറുകള്‍ മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെന്നും പുതിയകാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി 1951ലെ പ്ലാന്റേഷന്‍ തൊഴിലാളിനിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ പ്രശ്‌നങ്ങളും മറ്റും പഠിക്കാന്‍ എ.എ.പി.യുടെ മൂന്നംഗ കേന്ദ്രസമിതി ഉടന്‍ കേരളത്തിലെത്തും. ഒരുമാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഭാവിപദ്ധതികള്‍ തയ്യാറാക്കുമെന്നും സോംനാഥ് ഭാരതി പറഞ്ഞു.

സ്വതന്ത്രമായി മുന്നോട്ടുപോകാനാണ് സംഘടന ആഗ്രഹിച്ചതെങ്കിലും “ആപി”നൊപ്പം ചേരാന്‍ മനസാക്ഷി പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി പറഞ്ഞു. ദല്‍ഹി സംസ്ഥാന തൊഴില്‍ മന്ത്രി ഗോപാല്‍ റായ് ഉള്‍പ്പെടെ പ്രമുഖ നേതാക്കളുമായി സംഘടനാ നേതാക്കള്‍  ചര്‍ച്ച നടത്തിയെന്നും മന്ത്രിമാര്‍ കേരളത്തിലെ പ്രശ്‌നത്തില്‍ ഇടപെട്ട് സഹായമത്തെിക്കുമെന്ന് ഉറപ്പുണ്ടെന്നും ലിസി സണ്ണി പറഞ്ഞു.

സംഘടനയുടെ തൊഴിലാളി സമരങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കും ആപ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആപില്‍ ചേരുന്നതോടെ പൊമ്പിളൈ ഒരുമൈയില്‍ നിന്നും വിട്ടു നിന്നിരുന്ന വിഭാഗങ്ങള്‍ സംഘടനയിലേക്ക് തന്നെ മടങ്ങി വരുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കുള്ളത്.

മുന്നാറിലെ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്റ്റംബറിന് ശേഷമാണ് പെമ്പിളൈ ഒരുമൈ ട്രേഡ് യൂണിയന്‍ റജിസ്റ്റര്‍ ചെയ്തത്. നാലായിരത്തോളം അംഗങ്ങളാണ് സംഘടനയ്ക്ക് മുന്നാറിലുള്ളത്. ആപിന്റെ തൊഴിലാളി സംഘടനയായ “ശ്രമിക് വികാസ് സംഘടനി”ല്‍ തൊഴിലാളികള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 2ന് നടന്ന തൊഴിലാളി പണിമുടക്കിന് പിന്നാലെയാണ് വേതന വര്‍ദ്ദനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരത്തിന് ഇറങ്ങിയിരുന്നത്. ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ സമരത്തിന് താത്കാലിക പരിഹാരമായിരുന്നു.

തുടര്‍ന്ന് നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മത്സരിച്ചിരുന്നു.  39 പേരാണ് വാര്‍ഡുകളിലും, ബ്ലോക്കിലുമായി പൊമ്പിളൈ ഒരുമൈ മത്സരിക്കുവാന്‍ ഇറങ്ങിയത്.

We use cookies to give you the best possible experience. Learn more