ന്യൂദൽഹി: യമുന നദിക്ക് ജീവൻ നിലനിർത്താനുള്ള ശേഷി ഇല്ലാതായെന്ന് പാർലമെന്ററി സമിതി. ദേശീയ തലസ്ഥാനത്തെ ആറ് ഇടങ്ങൾ ഉൾപ്പെടെ മൊത്തത്തിൽ നിരീക്ഷിച്ച 33 മേഖലകളിൽ 23 എണ്ണവും പ്രാഥമിക ജല ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സമിതി ചൂണ്ടിക്കാട്ടി.
ദൽഹിയിൽ മാത്രം 40 കിലോമീറ്റർ നീളമുള്ള യമുന ഹരിയാനയിൽ നിന്ന് പല്ലയിൽ പ്രവേശിച്ച് അസ്ഗർപൂരിലൂടെ ഉത്തർപ്രദേശിലേക്ക് ഒഴുകുന്നു.
നദിയുടെ ജീവൻ നിലനിർത്താനുള്ള ശേഷിയെ പ്രതിഫലിപ്പിക്കുന്ന ഡിസോൾവ്ഡ് ഓക്സിജൻ (DO) അളവ് ദൽഹി മേഖലയിൽ ഇല്ലെന്ന് ജലവിഭവങ്ങളെക്കുറിച്ചുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചൊവ്വാഴ്ച പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
ദൽഹിയിലും ഉത്തർപ്രദേശിലും മലിനജല സംസ്കരണ പ്ലാന്റുകളുടെ നിർമാണവും നവീകരണവും നടത്തിയിട്ടും മലിനീകരണ തോത് ആശങ്കാജനകമാം വിധം ഉയർന്ന നിലയിൽ തുടരുകയാണെന്ന് പാനൽ മുന്നറിയിപ്പ് നൽകി. ദൽഹിയിലെ അപ്പർ യമുന നദീതട ശുചീകരണ പദ്ധതിയെയും നദീതട പരിപാലനത്തെയും കുറിച്ചുള്ള റിപ്പോർട്ടിലാണീ വിവരം പറയുന്നത്.
മലിനീകരണം തടയുന്നതിനും നദിയുടെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനും എല്ലാ പങ്കാളികളിൽ നിന്നും ഏകോപിതമായ പ്രതികരണം ഉണ്ടാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
നദീജല ഗുണനിലവാരം നിരീക്ഷിച്ച 33 മേഖലകളിൽ ഉത്തരാഖണ്ഡിലെ നാൾ മേഖലകളും ഹിമാചൽ പ്രദേശിലെ നാല് മേഖലകളും മാത്രമാണ് പ്രാഥമിക ജല ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ളതെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.
2021 ജനുവരി മുതൽ 2023 മെയ് വരെയുള്ള കാലയളവിൽ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB), സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുമായി ചേർന്ന് 33 സ്ഥലങ്ങളിൽ ജലത്തിന്റെ ഗുണനിലവാരം വിലയിരുത്തി. ഡിസോൾവ്ഡ് ഓക്സിജൻ (DO), pH, ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് (BOD), ഫെക്കൽ കോളിഫോം (FC) എന്നിവയുടെ അളവുകൾ പരിശോധിച്ചാണ് ജലത്തിന്റെ മലിനീകരണ തോത് കണ്ടെത്തുന്നത്.
യമുന നദീതടങ്ങളിലെ കൈയേറ്റങ്ങളെക്കുറിച്ച് പാനൽ പ്രത്യേക ആശങ്ക ഉന്നയിച്ചു. ദൽഹിയും ഹരിയാനയും കൈയേറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയപ്പോൾ, ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഇതുവരെ പൂർണ്ണമായ വിവരങ്ങൾ നൽകിയിട്ടില്ല.
യമുന നദീതടത്തിലെ ചെളിയും ഒരു പ്രധാന ആശങ്കയായി തുടരുന്നുവെന്ന് പാനൽ പറഞ്ഞു. ഈ ചെളിയുടെ സാമ്പിളുകളിൽ ക്രോമിയം, ചെമ്പ്, ലെഡ്, നിക്കൽ, സിങ്ക് തുടങ്ങിയ ലോഹങ്ങളുടെ ഉയർന്ന അളവ് കണ്ടെത്തി. ഈ വിഷലിപ്തമായ ചെളി നീക്കം ചെയ്യുന്നതിന് നിയന്ത്രിത ഡ്രെഡ്ജിങ് നടത്തണമെന്ന് പാനൽ ശുപാർശ ചെയ്തു. അല്ലാത്തപക്ഷം ഇത് ഗുരുതരമായ ആരോഗ്യ അപകടമുണ്ടാക്കുമെന്നും നദിയുടെ ഗുണനിലവാരം മോശമാകുന്നതിന് കാരണമാകുമെന്നും പാനൽ മുന്നറിയിപ്പ് നൽകി.
Content Highlight: Pollution: Parliamentary Panel says 23 Yamuna sites fail water quality test