|

ദല്‍ഹിയില്‍ വായുമലിനീകരണ തോത് വര്‍ധിക്കുന്നു; നാളെ മുതല്‍ ഒറ്റ- ഇരട്ട അക്ക വാഹന നിയന്ത്രണമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. വായു നിലവാരസൂചിക പലയിടങ്ങളിലും 700 രേഖപ്പെടുത്തി. 37 വായു നിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ ഭൂരിഭാഗത്തിലും വളരെ മോശം നിലവാരമാണ് ഇന്ന് രേഖപ്പെടുത്തിയത്.

പുസാ റോഡ്, ദ്വാരക, പ്രഗതി വിഹാര്‍, നോയിഡ, ചാണക്യപുരി എന്നിവിടങ്ങളിലെ സ്ഥിതി വളരെ രൂക്ഷമാണ്. അതേസമയം, മലിനീകരണം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ഒറ്റ- ഇരട്ട അക്ക വാഹനനിയന്ത്രണം ഇന്ന് അവസാനിക്കും. നിയന്ത്രണം നീട്ടുന്നതില്‍ തിങ്കളാഴ്ച്ച തീരുമാനമറിയിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വായുമാലിനീകര സ്ഥിതി ചര്‍ച്ച ചെയ്യാന്‍ നഗരവികസന പാര്‍ലമെന്ററി സമിതി ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരോടും പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, വായുമലിനീകരണ തോത് വീണ്ടും ഉയര്‍ന്നതോടെ ദല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടുദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു.

പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് നിര്‍ദേശം. ദല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്സിങ് പ്ലാന്റുകളും ക്രഷറുകളും അടച്ചിടാനും നിര്‍ദേശമുണ്ടായിരുന്നു.

ദല്‍ഹിയില്‍ ഇനിയും പി.എന്‍.ജി(പൈപ്പ്ഡ് നാച്ചറല്‍ ഗ്യാസ്)യിലേക്ക് മാറാത്ത വ്യവസായശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ വയുമലിനീകരണത്തിന്റെ കാരണങ്ങളിലൊന്ന് വയല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വയല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ദല്‍ഹിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അത് തടയാന്‍ സര്‍ക്കാരുകള്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.