| Wednesday, 4th May 2016, 6:57 pm

കൊച്ചിയിലെ കുടിവെള്ളത്തില്‍ മാലിന്യം ഒഴുക്കിയ കമ്പനി അടച്ച് പൂട്ടാന്‍ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാര്‍ത്തയും ഫോട്ടോയും മാര്‍ട്ടിന്‍ ജി.ഡി

കൊച്ചി:  കൊച്ചിയില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പെരിയാര്‍ നദിയിലേക്ക് മാലിന്യം ഒഴുക്കിവിട്ട കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവ്. ഏലൂര്‍-ഇടയാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ശക്തി പേപ്പര്‍ മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് മലിനീകരണ
നിയന്ത്രണ ബോര്‍ഡ് ആണ് നോട്ടീസ് നല്‍കിയത്.

മില്ലില്‍ നിന്നുമുള്ള മലിനജലം പുഴയിലേക്ക് ഒഴുക്കി വിടുന്നത് കാരണം ജലത്തിന്റെ ഗുണനിലവാരം മോശമാക്കുകയും തത്ഫലമായി ഡിസ്സോള്‍വ്ഡ് ഓക്‌സിജന്റെ അളവ് കുറഞ്ഞ് മത്സ്യനാശം സംഭവിക്കുമെന്നും മലിനീകരണ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു.

ഏലൂര്‍-ഇടയാര്‍ വ്യവസായ മേഖലയിലെ പാതാളം ബണ്ടിനു സമീപം ഇന്നലെ രാത്രി മുതല്‍ തന്നെ പുഴ കറുത്തുകിടക്കുന്ന കാഴ്ചയായിരുന്നു. ശക്തി പേപ്പര്‍ മില്‍സിന് താഴെ ഉള്ള  ഡിസ്ചാര്‍ജ് പോയിന്റില്‍ നിന്നുമാണ് ഇത്തരത്തില്‍ മലിനജലം ഒഴുകുന്നത്.

പാതാളം ബണ്ട് മുതല്‍ 1.5 കിലോമീറ്റര്‍  വടക്കോട്ട് പാതാളം പാലം വരെയാണ്  പുഴ കറുത്ത് കാണപ്പെടുന്നത്. പുഴയില്‍   മത്സ്യങ്ങള്‍ വലിയ രീതിയില്‍ വെള്ളത്തിന് മുകളില്‍ ചത്തുകിടക്കുന്നതും കാണാമായിരുന്നു. പുഴ കറുത്ത് കിടന്നത് ഇന്നലെ മുതല്‍ നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നൂ. ഇതേതുടര്‍ന്ന് ആണ് കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയത്. ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന മാലിന്യം കുടിവെള്ളത്തിലേക്ക് ഒഴുക്കിയതാണ് പൂട്ടാന്‍ കാരണമായി ഉത്തരവില്‍ പറയുന്നത്.

2015-16ല്‍ തന്നെ 51 തവണ പുഴ വ്യത്യസ്ത നിറത്തില്‍ ഒഴുകിയതായും 25 തവണ വലിയ രീതിയില്‍ മത്സ്യങ്ങള്‍ ചത്തതായും നാട്ടുകാര്‍ പറയുന്നു. നടപടികളില്ലാത്തതിന്റെ പേരില്‍ മാലിന്യം തള്ളുന്നത് തുടരുകയാണുണ്ടായത്.

മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തം ആയി 90% ആളുകളും കുടിവെള്ളമായി ഉപയോഗിക്കുന്നത് പെരിയാറില്‍ നിന്ന് ഉള്ള വെള്ളമാണ്. കൊച്ചിയുടെ 40 ലക്ഷം ആളുകളുടെ കുടിവെള്ളത്തിന് വേണ്ടി പാതാളത്ത് ബണ്ട് കെട്ടി ആണ് വെള്ളം സംഭരിച്ചിരിക്കുന്നത്. കുടിവെള്ളം എടുക്കുന്ന ഈ പ്രദേശത്ത് ആണ് ഇത്തരത്തില്‍ തുടര്‍ച്ചയായി  മാലിന്യം തള്ളുന്നത്.

കൊച്ചിയില്‍ ഇന്ന് 136000 പേര്‍ കിഡ്‌നി രോഗികള്‍ ആണ്.  240 ഓളം കമ്പനികള്‍ ആണ് ഈ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

We use cookies to give you the best possible experience. Learn more