ദിസ്പൂര്‍: ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അസമില്‍ പടക്കങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്.
എന്നാല്‍, സര്‍ക്കാരുമായി ഒരു കൂടിയാലോചനയും കൂടാതെയാണ് തീരുമാനമെടുത്തതെന്നും ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഇത് പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
‘അസം മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സര്‍ക്കാരുമായി ഒരു കൂടിയാലോചനയും കൂടാതെ, പടക്ക വില്‍പ്പന നിരോധിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഞങ്ങള്‍ ഇത് ശ്രദ്ധിച്ചു. ജനങ്ങളുടെ വികാരം മനസ്സില്‍ വെച്ചുകൊണ്ട് മുഴുവന്‍ പ്രശ്‌നവും സമഗ്രമായി അവലോകനം ചെയ്യുകയാണ്, ”ശര്‍മ്മ തിങ്കളാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്തു.
കൊവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി പി.സി.ബി അസം ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
”നിരോധനത്തോടുള്ള സര്‍ക്കാരിന്റെ പ്രതികരണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല. ദേശീയ ഹരിത ട്രൈബ്യൂണലിനോട് മാത്രമാണ് ഞങ്ങള്‍ക്ക് ഉത്തരം പറയേണ്ടത്,” പി.സി.ബി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2020 നവംബറിലെ എന്‍.ജി.ടിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, എല്ലാത്തരം പടക്കങ്ങളും ‘പൊട്ടിക്കുന്നതും വില്‍ക്കുന്നതും’ പൂര്‍ണ്ണമായും നിരോധിക്കാന്‍ ഉത്തരവിട്ടുകൊണ്ട് വെള്ളിയാഴ്ച പി.സി.ബി ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ തയ്യാറായില്ല.