| Tuesday, 16th April 2019, 8:18 am

ഡി.എം.കെ സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ റെയ്ഡ്; തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം. ഡി.എം.കെ സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ അയച്ചിട്ടുണ്ട്.

വെല്ലൂരിലെ ഡി.എം.കെ സ്ഥാനാര്‍ഥിയായ കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി വലിയ തോതില്‍ പണം പിടികൂടിയത്.

കതിര്‍ ആനന്ദിനെതിരേയും പാര്‍ട്ടി പ്രവര്‍ത്തകരായ ശ്രിനിവാസന്‍, ദാമോദരന്‍ എന്നിവര്‍ക്കെതെരേയും ജില്ല പൊലീസ് മേധാവി കേസെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് കതിര്‍ ആനന്ദിനെതിരെ ജനപ്രാതിനിത്യ നിയമപ്രകാരം നേരത്തെ കേസെടുത്തിട്ടുണ്ട്. ഡി.എം.കെ.യിലെ പ്രമുഖ നേതാവായ ദുരൈ മുരുഗന്റെ മകനാണ് കതിര്‍ ആനന്ദ്.

മാര്‍ച്ച് 30നാണ് ദുരൈ മുരുഗന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി കണക്കില്‍ പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയത്. രണ്ട് ദിവസത്തിന് ശേഷം ദുരൈ മുരുഗന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപയും പിടികൂടിയിരുന്നു. എന്നാല്‍ പണം പിടികൂടിയതിനെ കുറിച്ച് ദുരൈ മുരുഗന്‍ പ്രതികരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more