| Monday, 6th May 2019, 10:11 am

മധ്യപ്രദേശില്‍ വോട്ടിങ് ആരംഭിച്ചു; നിരവധിയിടങ്ങളില്‍ ഇ.വി.എം തകരാറ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവിധയിടങ്ങളില്‍ വോട്ടിങ് മെഷീനില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ പല ബൂത്തുകള്‍ക്ക് മുന്‍പിലും വലിയ ക്യൂവാണ്.

സമാധാനപരമായി വോട്ടിങ് പുരോഗമിക്കുകയാണെന്നും ചിലയിടങ്ങളില്‍ ഇ.വി.എം തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ഇവിടങ്ങളില്‍ പുതിയ മെഷീനുകള്‍ എത്തിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വി.എല്‍ കാന്ത റാവു പറഞ്ഞു.

ഏഴ് മണ്ഡലങ്ങളിലായി 15,240 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. തിക്കംഗര്‍, ദമോ, ഖജുരാവോ, സാത്‌ന, രേവ, ഹോഷന്‍ഗാബാദ്, ബെദുല്‍, ദമോ എന്നീ മണ്ഡലങ്ങളില്‍ നിന്നായി 1.19 കോടി വോട്ടര്‍മാരും.

110 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. തിക്കംഗറില്‍ 14 സ്ഥാനാര്‍ത്ഥികളും ദമോയില്‍ നിന്ന് 15 സ്ഥാനാര്‍ത്ഥികളും ഖജുരാവോയില്‍ നിന്ന് 17 സ്ഥാനാര്‍ത്ഥികളും സാത്‌നയില്‍ നിന്ന് 21 സ്ഥാനാര്‍ത്ഥികളും രേവയില്‍ നിന്ന് 23 സ്ഥാനാര്‍ത്ഥികളും ഹോഷന്‍ഗാബാദില്‍ നിന്ന് 11 പേരും ബെദുല്‍ മണ്ഡലത്തില്‍ നിന്ന് 9 സ്ഥാനാര്‍ത്ഥികളും ജനവിധി തേടുന്നു.

നാല് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29 നായിരുന്നു ആദ്യ ഘട്ടം.

We use cookies to give you the best possible experience. Learn more