| Tuesday, 23rd April 2019, 7:34 am

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; കൃത്യവിലോപം കാണിച്ചതിന് നാല് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ പോളിങ് ആരംഭിച്ചു. വൈകീട്ട് ആറ് മണിവരെ വോട്ട് ചെയ്യാവുന്നതാണ്. ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീകള്‍, 1,26,84,839 പുരുഷന്മാര്‍,174 ട്രാന്‍സ്‌ജെന്ററുകള്‍ എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്ത് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന് ആകെ 24970 പോളിങ് ബൂത്തുകളാണുള്ളത്.

അതേസമയം തെരഞ്ഞെടുപ്പ് ജോലിയില്‍ കൃത്യവിലോപം കാണിച്ചതിന് നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് എത്താതിരുന്ന തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി അഗസ്റ്റിന്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലെ എലിസബത്ത് എന്നിവരെയാണ് അറസ്റ്റുചെയ്തത്. മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തമ്പിരാജ്, പോളിങ് ബൂത്തിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വാങ്ങാന്‍ മദ്യപിച്ചെത്തിയ ഇടുക്കി അസി. ടൗണ്‍ പ്ലാനര്‍ കെന്നഡി എന്നിവരാണ് അറസ്റ്റിലായത്.

വ്യക്തമായി കാരണം കാണിക്കാതെ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ബെന്നി അഗസ്റ്റിന്‍, എലിസബത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പകരം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട പീരുമേട് നിയോജക മണ്ഡലത്തിലെ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് എല്‍.പി. സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്നാണ് തമ്പിരാജിനെ അറസ്റ്റ് ചെയ്തത്.
അസി. ടൗണ്‍ പ്ലാനര്‍ കെന്നഡിയെ തൊടുപുഴ ന്യൂമാന്‍ കോളേജിലാണ് അറസ്റ്റ് ചെയ്തത്. പ്രിസൈഡിങ് ഓഫീസറായിരുന്നു ഇയാള്‍.

മദ്യപിച്ചെത്തിയതിന് ദേവികുളം 158-ാം നമ്പര്‍ ബൂത്തിലെ ഒന്നാം പോളിങ് ഓഫീസര്‍ കെ.വി. ഗോപി, മാങ്കുളം ചിക്കണം കുടിയിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുപോകാനെത്തിയ ജീപ്പ് ഡ്രൈവര്‍ ആനച്ചാല്‍ സ്വദേശി പ്രദീപ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more