കോഴിക്കോട്: 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തെ മറികടന്ന് 2019 ലെ പോളിംഗ് നിരക്ക്. 74.04 ശതമാനം പേരായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതെങ്കില്‍, ഇനിയും ഒട്ടേറെ പേര്‍ വോട്ടു ചെയ്യാനിരിക്കേ 74.77 ശതമാനം വോട്ടുകള്‍ ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞു.
കഴിഞ്ഞ തവണ വളരെ കുറഞ്ഞ പോളിംഗ് നിരക്കുണ്ടായിരുന്ന വയനാട്, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഈ വര്‍ഷം തുടക്കം മുതല്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് പോളിംഗ് നിരക്ക് ശക്തമായി വര്‍ധിക്കാനിടയായതെന്നാണ് വിലയിരുത്തല്‍.
വയനാട്ടില്‍ കഴിഞ്ഞ പ്രാവശ്യം 73.28 ശതാനമായിരുന്നു പോളിംഗ്, വോട്ടെടുപ്പ് ഇനിയും അവസാനിക്കാനിരിക്കെ 2019ല്‍ അത് 77.32 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. പത്തനംതിട്ടയില്‍ 2014ല്‍ 65.7 ശതമാനമായിരുന്നു പോളിംഗ് എങ്കില്‍ 2019ല്‍ വോട്ടെടുപ്പ് തീരാനിരിക്കെ 72.1 ശതമാനമാണ്. തിരുവനന്തപുരത്ത് 68.6 ശതമാനത്തില്‍ നിന്നും 70.8 ശതമാനമായി ഇതു വരെ പോളിംഗ് ഉയര്‍ന്നിട്ടുണ്ട്.
2009ലെ പോളിംഗ് നിരക്ക് വെറും 73.36 ശതമാനമായിരുന്നു. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനം എന്ന മികച്ച പോളിംഗ് കേരളത്തില്‍ രേഖപ്പെടുത്തിയിരുന്നു. കേന്ദ്രത്തിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് പോളിംഗ് നിരക്ക് വര്‍ധിക്കാന്‍ ഇടയായതെന്ന് നിരീക്ഷിക്കപ്പെടുന്നു.
നിലവിലെ രാഷ്ട്രീയാന്തരീക്ഷവും കണക്കിലെടുത്ത് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നോട്ടയിലൂടെ നഷ്ടമായ 2 ലക്ഷത്തോളം വോട്ടുകള്‍ ഈ വര്‍ഷം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്ത് ഈ വര്‍ഷം 2,88,191 പുതിയ വോട്ടര്‍മാരാണുള്ളത്.
ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുമ്പോള്‍ പോളിംഗ് ശതമാനം വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിലെ കണക്കനസരിച്ച് കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 79.59 ശതമാനമാണ് ഇവിടുത്തെ വോട്ടിംഗ് ശതമാനം.
പൊന്നാനി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 70.09 ശതമാനമാണ് ഇവിടുത്തെ ശതമാനം