അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്നലെ വ്യാപകമായ ഇ.വി.എം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആന്ധ്രയില്‍ വോട്ടെടുപ്പ് നീണ്ടത് രാത്രി ഒരു മണി വരെ.
ഏതാണ്ട് 80 ശതമാനത്തോളം പോളിങ്ങാണ് ആന്ധ്രാപ്രദേശില്‍ രേഖപ്പെടുത്തിയത്. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ വലിയ അക്രമസംഭവങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. ഇതിനിടെ ടി.ആര്‍.എസും വൈ.എസ്.ആര്‍.സി.പി പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റവും നടന്നു. പല പോളിങ് ബൂത്തുകള്‍ക്ക് മുന്‍പിലും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വൈ.എസ്.ആര്‍.സി.പിയുടേയും ടി.ആര്‍.എസിന്റെയും ഓരോ പ്രവര്‍ത്തകര്‍ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ആന്ധ്രയിലെ ഗുണ്ടൂര്‍, കൃഷ്മ, നെല്ലൂര്‍, കുര്‍നൂല്‍ തുടങ്ങിയ പല ജില്ലകളിലും വൈകീട്ട് ആറ് മണിക്ക് ശേഷമാണ് കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്യാനായി എത്തിയത്. ആറ് മണിക്ക് ശേഷം നീണ്ട ക്യൂ ആണ് പോളിങ് ബൂത്തുകളില്‍ കണ്ടത്. രാത്രി 1 മണി കഴിഞ്ഞിട്ടും പല ബൂത്തുകളിലും തിരക്കുണ്ടായിരുന്നു. സംസ്ഥാനത്തെ 400 ഓളം പോളിങ് ബൂത്തുകളിലാണ് ഇ.വി.എം തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.