| Monday, 13th May 2019, 10:40 am

ഫരീദാബാദ് ബൂത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ് ഏജന്റിനെ അറസ്റ്റു ചെയ്‌തെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫരീദാബാദ്: ബൂത്തിനുള്ളില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ പോളിങ് ഏജന്റിനെ അറസ്റ്റു ചെയ്‌തെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍.

ഫരീദാബാദ് ജില്ലാ ഇലക്ഷന്‍ ഓഫീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്കു പോളിങ് ഏജന്റിനെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇലക്ഷന്‍ കമ്മീഷണര്‍ അശോക് ലവാസ അറിയിച്ചു. ‘തെരഞ്ഞെടുപ്പു നിരീക്ഷകനായ സഞ്ജയ് കുമാര്‍ കാര്യങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ പരിശോധിച്ചു. കര്‍ത്തവ്യത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്.’ അദ്ദേഹം ട്വീറ്റു ചെയ്തു.

തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചിട്ടില്ലെന്നും നിരീക്ഷകന്‍ കണ്ടെത്തിയതായി അദ്ദേഹം പറയുന്നു.

പോളിങ് ഏജന്റായ വ്യക്തി പോളിങ് പൂത്തില്‍ കയറി വോട്ടര്‍മാര്‍ വോട്ടു ചെയ്യുന്നതിനു സമീപത്തു പോയി ചിഹ്നം കാട്ടിക്കൊടുക്കുകയോ ബട്ടന്‍ അമര്‍ത്തുകയോ ചെയ്യുന്നതിന്റെ വീഡിയോയാണ് പുരത്തുവന്നത്. വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേര്‍ തെരഞ്ഞെടുപ്പു കമ്മീഷനെ ടാഗ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചിരുന്നു.

അറസ്റ്റിലായ വ്യക്തി ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടയാളാണെന്ന് വ്യക്തമായിട്ടില്ല.

ഞായറാഴ്ച വോട്ടെടുപ്പു നടന്ന ഫരീദാബാദില്‍ 64.48% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014ല്‍ 64.98% ആയിരുന്നു പോളിങ്.

We use cookies to give you the best possible experience. Learn more