| Thursday, 14th March 2019, 8:07 am

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് 200ഓളം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്: പ്രതികളെ രക്ഷിക്കാനുള്ള അണ്ണാ ഡി.എം.കെ നീക്കത്തിനെതിരെ തെരുവിലിറങ്ങി വിദ്യാര്‍ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊള്ളാച്ചി നഗരത്തില്‍ സംഘര്‍ഷം തുടരുന്നു. വിവിധ രാഷ്ട്രീയ കക്ഷി- വിദ്യാര്‍ഥി- സാമൂഹിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്.

പെണ്‍കുട്ടികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ചതിയില്‍ വീഴ്ത്തുന്ന സംഘത്തില്‍ ഇരുപതോളം യുവാക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി ഇരുനൂറോളം പെണ്‍കുട്ടികളെയാണ് ഈ സംഘം കെണിയില്‍ കുടുക്കിയത്.


പ്രതികളെ രക്ഷിക്കാന്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ടതായ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഡി.എം.കെ ഉള്‍പ്പെടെ വിവിധ പ്രതിപക്ഷ കക്ഷികള്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു.

പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴിയുടെ നേതൃത്വത്തില്‍ പൊലീസ് നിരോധന ഉത്തരവ് മറികടന്ന് ധര്‍ണ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കനിമൊഴി ഉള്‍പ്പെടെ 650 പ്രവര്‍ത്തകരുടെ പേരില്‍ പൊള്ളാച്ചി ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇതേവരെ തിരുനാവുക്കരശു, സതീഷ്, ശബരിരാജന്‍, വസന്തകുമാര്‍ എന്നിവരെ മാത്രമാണ് പൊള്ളാച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കാന്‍ തയ്യാറാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.


also read:  യുവത്വത്തിന്റെ ശബ്ദങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിടുകയാണ്: ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ച ശേഷം പ്രിയങ്കാ ഗാന്ധി


ഫെബ്രുവരി 24ന് പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ശബരിരാജനും സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിഡിയോ എടുത്ത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കിയെന്നും പണം വാങ്ങിയെന്നുമാണ് പരാതി.

കേസ് നല്‍കിയതിന്റെ പേരില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരനെ അണ്ണാ ഡി.എം.കെ പ്രാദേശിക ഭാരവാഹിയായ എ. നാഗരാജ് മര്‍ദിച്ചിരുന്നു. തുടര്‍ന്ന് നാഗരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രസ്താവനയില്‍ അറിയിച്ചു.

അതിനിടെ ഇയാള്‍ പൊള്ളാച്ചിയില്‍ റീട്ടെയില്‍ വിദേശ മദ്യഷാപ്പിനോട് ചേര്‍ന്ന് നടത്തിയിരുന്ന ബാര്‍ ബുധനാഴ്ച പൊതുജനങ്ങള്‍ തല്ലിത്തകര്‍ത്തു.

We use cookies to give you the best possible experience. Learn more