| Saturday, 16th March 2019, 10:08 am

200ഓളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസ് : പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് തമിഴ്‌നാട് സര്‍ക്കാര്‍ 25ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൊളളാച്ചിയില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 200ഓളം വിദ്യാര്‍ഥിനികളെ 20 അംഗസംഘം ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് 25 ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയ കോവൈ പൊലീസ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.

പെണ്‍കുട്ടികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ചതിയില്‍ വീഴ്ത്തുന്ന 20 തോളം യുവാക്കളുടെ സംഘം കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇരുനൂറോളം പെണ്‍കുട്ടികളെയാണ് ലൈംഗികമായി ആക്രമിച്ചത്.

പ്രതികളെ രക്ഷിക്കാന്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനെതിരെ പൊള്ളാച്ചിയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Also read:വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യത്തില്‍ സ്ഥാനമില്ല; ന്യൂസിലാന്‍ഡിലെ വെടിവെയ്പ്പിനെ അപലപിച്ച് മോദി

ചെന്നൈ, കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഇടപെടലിനെതിരെ പ്രതിഷേധിച്ചത്.

പൊള്ളാച്ചി എസ്.പിയേയും ഡെപ്യൂട്ടി എസ്.പിയേയും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ടും പൗരാവകാശാ പ്രവര്‍ത്തകര്‍ ചെപ്പൗക്കില്‍ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു.

ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് ചെന്നൈയിലേയും കോയമ്പത്തൂരിലേയും അഭിഭാഷകരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

പ്രതിഷേധങ്ങളെ തുടര്‍ന്ന് കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കാന്‍ തമിഴ്‌നാടിലെ യു.പി.എ സഖ്യകക്ഷികള്‍ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു.

അതിനിടെ, ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളുടെ ഐഡന്റിറ്റി പുറത്താകാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ റിട്ട് ഹരജി നല്‍കിയിട്ടുണ്ട്. കൂടാതെ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Also read:എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരല്ല; ശബരിമല യുവതി പ്രവേശന വിവാദം ഇടതുപക്ഷത്തിന് നേട്ടവാകും: ശ്രീകുമാരന്‍ തമ്പി

പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ബന്ധമുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ തമിഴ്‌നാടിനു പുറത്ത് നടത്തണമെന്നും ഹരജിയില്‍ ആഴശ്യപ്പെടുന്നു.

ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ എ. രാജരാജനും ദല്‍ഹി സ്വദേശിയായ വൈ വില്യം വിനോദ് കുമാറുമാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

We use cookies to give you the best possible experience. Learn more