ന്യൂദല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് പിന്നാലെ വീണ്ടും കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോറും ശരദ് പവാറും. ബുധനാഴ്ച ഇരുവരും ദല്‍ഹിയില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടതായാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ അടുത്തിടെ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.
ജൂണ്‍ 11 ന് മുംബൈയിലും തിങ്കളാഴ്ച ദല്‍ഹിയില്‍ വെച്ചും ഇരുവരും യോഗം ചേര്‍ന്നിരുന്നു. നേരത്തെ പവാര്‍ തന്റെ വസതിയില്‍ 12 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു.
ഇതില്‍ എട്ട് പാര്‍ട്ടിയുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. സി.പി.ഐ.എം, സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ആര്‍.എല്‍.ഡി. തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തിനെത്തിയിരുന്നു.
ചൊവ്വാഴ്ചയായിരുന്നു എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തത്
അതേസമയം മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബി.ജെ.പിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്.നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണിയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.