| Thursday, 16th May 2024, 9:54 pm

പണം കടത്തുന്നതായി പരാതി; മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഹെലിക്കോപ്റ്ററില്‍ പണം കടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പരാതിക്ക് പിന്നാലെയാണ് പരിശോധന.

എന്നാല്‍ ബാഗുകളില്‍ നിന്ന് പണമൊന്നും ലഭിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷിന്‍ഡെയുടെ ബാഗുകള്‍ പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബാഗില്‍ തന്റെ വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഷിന്‍ഡെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശിവസേന നേതാവ് ഹേമന്ത് ഗോഡ്‌സെയുടെ പ്രചാരണത്തിനായി നാസിക്കിലെത്തിയപ്പോഴായിരുന്നു ഷിന്‍ഡെയുടെ ബാഗില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

തിങ്കളാഴ്ചയാണ് സഞ്ജയ് റാവത്ത് ഷിന്‍ഡെക്കെതിരെ ആരോപണം ഉന്നയിച്ചത്. പണം നിറച്ച ബാഗുകള്‍ മുഖ്യമന്ത്രി ഹെലിക്കോപ്റ്ററില്‍ നാസിക്കിലേക്ക് കൊണ്ടുപോയെന്നാണ് സഞ്ജയ് റാവത്ത് ആരോപിച്ചത്. എന്നാല്‍ ശിവസേന ഷിന്‍ഡെ പക്ഷം അന്ന് തന്നെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.

ഷിന്‍ഡെക്കൊപ്പം അദ്ദേഹത്തിന്റെ ആളുകള്‍ ബാഗുകളുമായി ഹെലിക്കോപ്റ്ററില്‍ നിന്ന് ഇറങ്ങുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം. ജനപിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നവര്‍ക്ക് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എന്തിനാണ് പണമെന്നും വീഡിയോ പങ്കുവെച്ച് കൊണ്ട് സഞ്ജയ് റാവത്ത് ചോദിച്ചു. പ്രതിപക്ഷത്തിന്റെ ഹെലിക്കോപ്റ്ററില്‍ പരിശോധന നടത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമയമുണ്ട്. എന്നാല്‍ ഇത്തരം ആളുകള്‍ക്കെതിരെ ഒരു നടപടിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Poll officials inspect Maharashtra CM Eknath Shinde’s luggage in Nashik

We use cookies to give you the best possible experience. Learn more