ഇ.വി.എം വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചു; മധ്യപ്രദേശില്‍ പോളിങ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ച സെക്ടര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ഗുണ സെക്ടറിലെ എഞ്ചിനീയര്‍ എ.കെ ശ്രീവാസ്തവയെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇ.വി.എമ്മുകള്‍ പിടിച്ചെടുത്തതായും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായും എസ്.ഡി.എം ശ്രിവാനി രാഘ്‌വര്‍ ഗാര്‍ഗ് പറഞ്ഞു.
വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി എടുത്തശേഷം ബാക്കി വന്ന കരുതല്‍ ഇ.വി.എമ്മുകളാണ് ഇദ്ദേഹം വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചത്. എന്നാല്‍ ഇത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല.
മധ്യപ്രദേശിലെ ഗുണയില്‍ ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുണയില്‍ നിന്നും കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ് മത്സരിക്കുന്നത്. മണ്ഡലത്തിലെ സിറ്റിങ് എം.പി കൂടിയാണ് ഇദ്ദേഹം. ബി.ജെ.പിയുടെ കെ.പി യാദവാണ് ഇവിടെ മത്സരിക്കുന്നത്. മധ്യപ്രദേശില്‍ ഏഴ് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 11 നായിരുന്നു. 18,23,29, മെയ് 6 തുടങ്ങിയ ദിവസങ്ങളായിരുന്നു മറ്റ് ഘട്ട വോട്ടെടുപ്പ്. മെയ് 18 നാണ് ഏഴാം ഘട്ടം.