ന്യൂദല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമി ഫൈനല്‍ എന്ന തരത്തില്‍ കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി തേരോട്ടം അവസാനിപ്പിക്കുമെന്നും ഇവിടങ്ങളില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്നുമാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിയുമെന്നും എക്‌സിറ്റ്‌പോള്‍ ഫലയങ്ങള്‍ പ്രവചിക്കുന്നു. മിസോറാമില്‍ ബി.ജെ.പി തോല്‍വി നേരിടുമെന്നും തെലങ്കാന ചന്ദ്രശേഖര്‍ റാവു നിലനിര്‍ത്തുമെന്നും എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നു.
മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും 230 അംഗ സഭയില്‍ ഒരുപാര്‍ട്ടിക്കും ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്നുമാണ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നത്. ഒമ്പത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നിഗമനം ബി.ജെ.പി മധ്യപ്രദേശില്‍ 110 സീറ്റുകളും കോണ്‍ഗ്രസ് 109 സീറ്റുകളും നേടുമെന്നാണ്. ഇവിടെ 115 സീറ്റുകള്‍ നേടിയെങ്കില്‍ മാത്രമേ കേവലഭൂരിപക്ഷത്തിലെത്താനാവൂ. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി രണ്ടു സീറ്റുകള്‍ നേടുമെന്നും ഈ പോളുകള്‍ പ്രവചിക്കുന്നു.
Also Read:കെ.സുരേന്ദ്രന്‍ ജയില്‍ മോചിതനായി; ജയിലിന് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകരുടെ നാമജപം
എക്‌സിറ്റ് പോളുകള്‍ വിശ്വസിക്കാമെങ്കില്‍ ഛത്തീസ്ഗഢിലും ബി.ജെ.പിക്ക് പേടിക്കേണ്ട സ്ഥിതിയാണ്. ബി.ജെ.പിയുടെ മുഖ്യമന്ത്രി രമണ്‍ സിങ്ങിന് 90 അംഗ സഭയില്‍ 41 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. കോണ്‍ഗ്രസിന് 42 സീറ്റുകളും ലഭിക്കും. മായാവതി-അജിത് ജോഗി സഖ്യത്തിന് നാലു സീറ്റുകളും ലഭിക്കുമെന്നാണ് ഒമ്പത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് എത്താവുന്ന നിഗമനം. 46 സീറ്റുകളാണ് ഇവിടെ കേവലഭൂരിപക്ഷം നേടാന്‍ വേണ്ടത്.
കഴിഞ്ഞ 20 വര്‍ഷമായി രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചിട്ടില്ല. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 200 അംഗ നിയമസഭയില്‍ 78 സീറ്റുകള്‍ ബി.ജെ.പിയും 110 സീറ്റുകള്‍ കോണ്‍ഗ്രസും നേടുമെന്നാണ് 10 എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനം.
തെലങ്കാനയില്‍ ടി.ആര്‍.എസിന് 119 അംഗ സഭയില്‍ 67 സീറ്റുകള്‍ ലഭിക്കുമെന്നാണ് 11 എക്‌സിറ്റ് പോളുകളില്‍ നിന്ന് എത്താവുന്ന നിഗമനം. കോണ്‍ഗ്രസും ചന്ദ്രബാബു നായിഡുവും ചേര്‍ന്ന് 39 സീറ്റുകളും ബി.ജെ.പി അഞ്ച് സീറ്റുകളും നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 61 സീറ്റുകളാണ് ഇവിടെ കേവലഭൂരിപക്ഷത്തിനുവേണ്ടത്.
കോണ്‍ഗ്രസ് ഇപ്പോഴും അധികാരത്തിലിരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ ഒന്നാണ് മിസോറാം. ഇവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് താഴെയിറങ്ങേണ്ടിവരുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. 40 അംഗ സഭയില്‍ 16 സീറ്റുകളാണ് കോണ്‍ഗ്രസ് നേടുക. എന്‍.എന്‍.എഫിന് 18 സീറ്റുകളും ലഭിക്കും. ബി.ജെ.പിക്ക് ഇത്തവണയും മിസോറാമില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.