മൈസൂര്‍: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഇ.വി.എം ഹാക്ക് ചെയ്തു എന്നാരോപിച്ച് ഏഴംഗസംഘത്തെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. നരസിംഹ രാജ (എന്‍.ആര്‍) പൊലീസ് സ്റ്റേഷനില്‍ വന്‍ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് ഏഴംഗസംഘത്തെ പൊലീസിന് കൈമാറിയത്.
തെരഞ്ഞെടുപ്പില്‍ ഇ.വി.എം ഹാക്ക് ചെയ്തു എന്നാരോപിച്ച് എന്‍.ആര്‍, ചാമരാജ, കെ.ആര്‍ എന്നീ മണ്ഡലങ്ങളിലെ തോറ്റസ്ഥാനാര്‍ഥികള്‍ ഏഴു പേരെ പൊലീസില്‍ ഏല്‍പ്പിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ ഡോ. എ.എസ്. റാവു പറഞ്ഞു. ചാമരാജ, കെ.ആര്‍ എന്നീ മണ്ഡലങ്ങളില്‍ വിജയിച്ചത് ബി.ജെ.പി സ്ഥാനാര്‍ഥികളായ എല്‍. നാഗേന്ദ്രയും എസ്.എ. രാമദാസുമാണ്.
തെരഞ്ഞെടുപ്പിനു മുന്‍പ് ഏഴ് പേരടങ്ങുന്ന ഈ സംഘം തങ്ങളെ സമീപിക്കുകയും ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്ത് ജയം ഉറപ്പിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും തോറ്റ സ്ഥാനാര്‍ഥികള്‍ പറഞ്ഞു. “ഞങ്ങള്‍ അവരുടെ വാഗ്ദാനങ്ങള്‍ നിരസിച്ച് മടക്കിയയച്ചു”, അവര്‍ പറഞ്ഞു.
വിജയിച്ച സ്ഥാനാര്‍ഥികളെ ഈ സംഘം ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്ത് സഹായിച്ചതുകൊണ്ട് മാത്രമാണ് തങ്ങള്‍ പരാജയപ്പെട്ടത് എന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ അവകാശപ്പെട്ടു.
എന്നാല്‍, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യല്‍ അസാധ്യമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിരാം ജി ശങ്കര്‍ പ്രതികരിച്ചു.
Watch DoolNews: