| Tuesday, 6th November 2012, 8:55 am

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന്; ഒബാമയ്ക്ക് നേരിയ മുന്‍തൂക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. അമേരിക്കന്‍ പ്രസിഡണ്ടും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ  ബറാക് ഒബാമയും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ എതിരാളി മിറ്റ് റോംനിയും തങ്ങളുടെ അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാനിപ്പിച്ച് വോട്ടെടുപ്പിനായി തയ്യാറായിക്കഴിഞ്ഞു. വോട്ടെടുപ്പ് ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്കാണ്.[]

പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ ചഞ്ചല പ്രദേശത്താണ് ഇരുവരും പ്രചരണത്തിന് പ്രാധാന്യം നല്‍കിയത്. പ്രമുഖ വ്യക്തികളും മ്യൂസിക് ബാന്റുകളും പ്രചരണത്തില്‍ അണിനിരന്നിരുന്നു. ഏകദേശം 8500 കോടി രൂപയാണ് ഇരുപക്ഷവും കൂടി പ്രചരണങ്ങള്‍ക്കായി ചെലവാക്കിയത്. മിക്ക അഭിപ്രായ സര്‍വെകളും പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് അല്‍പം മുന്‍തൂക്കം നല്‍കുമ്പോള്‍ പ്രധാന ശക്തി കേന്ദ്രങ്ങളില്‍ എന്തു നടക്കുമെന്ന് ആര്‍ക്കുമറിയില്ല.

പ്രസിഡന്റ് ബറാക് ഒബാമ അടക്കം മൂന്ന് കോടി ജനങ്ങള്‍ അമേരിക്കയില്‍ ഏര്‍ളി വോട്ടിങിലൂടെ സമ്മതിദാന അവകാശം വിനിയോഗിച്ച് കഴിഞ്ഞു. നേരിയ വ്യത്യാസം പോലും നേരിടാന്‍ വന്‍ നിയമ പോരാട്ടങ്ങള്‍ നടത്താനാണ് ഇരു വിഭാഗത്തിന്റെയും തീരുമാനം. ഒഹായോയില്‍ നടന്ന അഭിപ്രായ സര്‍വെയില്‍ 49.6 ശതമാനം പേര്‍ ഒബാമയെ പിന്തുണയ്ക്കുമ്പോള്‍ 46.4 ശതമാനം പേര്‍ റോംനിയ്‌ക്കൊപ്പമുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ സംവാദത്തിലെ പ്രധാനവിഷയമായത് അഫ്ഗാനിസ്ഥാനും ഇറാനുമായിരുന്നെങ്കില്‍ ഇത്തവണ സമ്പദ് വ്യവസ്ഥകളും വിദേശനയവുമാണ് പ്രധാനവിഷയമായത്. സാന്‍ഡി കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ജനങ്ങള്‍ ദുരിതത്തില്‍ നിന്നും പൂര്‍ണ്ണമായും കരകയറിയിട്ടില്ല. ഇത് പോളിങ് ശതമാനത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു.

പ്രസിഡണ്ടിനെ കൂടാതെ ഏതാനും സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇതിന് പുറമെ ജനപ്രതിനിധി സഭയിലേക്കും സെനറ്റിന്റെ മൂന്നിലൊന്ന് സീറ്റുകളിലേക്കും ഇന്നാണ് വോട്ടെടുപ്പ്. ജനപ്രതിനിധി സഭ റിപ്പബ്ലിക്കന്‍സിന് ലഭിക്കുമെന്നാണ് കരുതുന്നത്. സെനറ്റില്‍ ഡമോക്രാറ്റുകളുടെ ജയവും പ്രതീക്ഷിക്കുന്നു.

We use cookies to give you the best possible experience. Learn more